| Thursday, 6th April 2023, 10:55 am

എന്നെ ഞെട്ടിച്ചു, വേദനിപ്പിച്ചു; കിച്ച സുദീപിന്റെ ബി.ജെ.പി പിന്തുണയില്‍ പ്രതികരിച്ച് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരൂ: കന്നഡ നടന്‍ കിച്ച സുദീപ് ബി.ജെ.പിയെ പിന്തുണക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടനും സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. സുദീപിന്റെ തീരുമാനം തന്നെ ഞെട്ടിച്ചെന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

സുദീപ് ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകളെ നേരത്തെ പ്രകാശ് രാജ് തള്ളിക്കളഞ്ഞിരുന്നു. പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം വരുന്നതിന് മുമ്പ് പ്രകാശ് രാജ് പറഞ്ഞിരുന്നു.

‘കിച്ച സുദീപ് ബി.ജെ.പിയെ പിന്തുണക്കുമെന്നത്, കര്‍ണാടക തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ കാണുന്ന ബി.ജെ.പിക്കാര്‍ നടത്തുന്ന വ്യാജപ്രചരണമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം പരിപാടികളില്‍ വീണു പോകാതിരിക്കാന്‍ തക്ക വിവേകമുള്ള ആളാണ് സുദീപ്,’ പ്രകാശ് രാജ് പറഞ്ഞു.

നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെയും ഹിന്ദുത്വ പദ്ധതികളുടെയും നിശിത വിമര്‍ശകനാണ് പ്രകാശ് രാജ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബെംഗളൂരുവില്‍ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കി കിച്ച സുദീപ് രംഗത്തെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ ഗോഡ്ഫാദറാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും സുദീപ് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നടന്‍ വ്യക്തമാക്കി.

കിച്ച സുദീപിനെക്കൂടാതെ മറ്റൊരു കന്നഡ താരമായ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ എട്ടിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വിടുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. വിജയ സാധ്യത അനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക എന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെ പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരുന്നു.

മെയ് പത്തിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlights: Prakash raj comments on kicha sudeep’s support for bjp

We use cookies to give you the best possible experience. Learn more