മുപ്പത് ശതമാനം മാത്രം വോട്ടുനേടിയ ചില വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്: പ്രകാശ് രാജ്
National Politics
മുപ്പത് ശതമാനം മാത്രം വോട്ടുനേടിയ ചില വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്: പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th March 2018, 9:10 am

തൃശൂര്‍: ബി.ജെ.പിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മുപ്പത് ശതമാനം വോട്ട് നേടി മാത്രം അധികാരത്തില്‍ വന്ന ചില വിഡ്ഢികള്‍ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും എന്നാല്‍ അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തൃശൂരില്‍ ജനാധിപത്യ ശക്തികളുടെ ഐക്യമാണ് ഫാഷിസത്തിന് മറുപടി എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് രാജ്.

നുണയിലൂടെ അധികാരത്തിലെത്താമെന്ന് കാണിച്ച കോമാളിക്കൂട്ടമാണ് ബി.ജെ.പിയെന്നും അവരുടെ തനി നിറം ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. ബി.ജെ.പി പറയുന്നതല്ല ശരിയെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയാണ്. അവരുടെ അവകാശവാദങ്ങള്‍ക്കപ്പുറത്ത് രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

Read more:  ഇത് കഠിനാദ്ധ്വാനത്തിന് കിട്ടിയ ഫലം; എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം ബ്ലാസ്റ്റേഴ്‌സിന്റെ ലാല്‍റുവാത്താരയ്ക്ക്

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പത്ത് വര്‍ഷമെങ്കിലും എടുത്താലേ ബി.ജെ.പി രാജ്യത്ത് ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുകയുള്ളൂ. ഇന്ത്യന്‍ ജനതയുടെ ഐക്യമാണ് ഇക്കൂട്ടര്‍ ഇല്ലാതാക്കിയതെന്നും പ്രകാശ് രാജ് പറഞ്ഞു.

നാല് കൊല്ലത്തെ ഭരണം കൊണ്ട് തൊഴില്‍രഹിതരായ ചെറുപ്പക്കാരും അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ് വ്യവസ്ഥയുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ സംഭാവനയെന്നും പ്രകാശ് രാജ് പറഞ്ഞു.