| Saturday, 31st March 2018, 8:21 pm

മകന്‍ നഷ്ടപ്പെട്ട ഇമാം പ്രതികാരം അരുതെന്ന് പറഞ്ഞതാണ് സംസ്‌കാരം, തൊലിയുരിക്കുമെന്ന് പറഞ്ഞ നിങ്ങളുടേതല്ല; സംസ്‌കാരം 'പഠിപ്പിക്കാന്‍' ശ്രമിച്ച ബി.ജെ.പി നേതാവിന് പ്രകാശ് രാജിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംസ്‌കാരത്തെക്കുറിച്ച് തന്നെ പഠിപ്പിക്കാന്‍ വന്ന ബി.ജെ.പി നേതാവിനെ പൊളിച്ചടുക്കി പ്രകാശ് രാജിന്റെ മറുപടി. ഘനവ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോയുടെ പ്രസംഗത്തിനാണ് പ്രകാശ് രാജ് മറുപടി പറഞ്ഞത്. കലാപത്തില്‍ മകനെ നഷ്ടപ്പെട്ട ഇമാം ഇത് വര്‍ഗ്ഗീയവത്കരിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ ഞാന്‍ ഇവിടം വിട്ടു പോകും എന്നും പറഞ്ഞതാണ് സംസ്‌കാരമെന്നും ജനപ്രതിനിധി ആയ താങ്കള്‍ കലാപഭൂമിയില്‍ പോയി ജനങ്ങളോട് ജീവനോടെ തൊലിയുരിക്കും എന്ന് പറഞ്ഞ്ത് സംസ്‌കാര ശൂന്യതയുമാണെന്നാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയിലാണ് ഇരുവരും നേര്‍ക്ക്‌നേര്‍ വന്നത്.

“ഇന്ന് സംസ്‌കാരിക യുദ്ധത്തെപ്പറ്റി സംസാരിക്കുമ്പോള്‍, നിങ്ങളുടെ പെരുമാറ്റരീതി ശ്രദ്ധിക്കേണ്ടതാണ്. എന്താണ് സംസ്‌കാരമെന്നറിയാമോ?….
കുടുംബത്തിലുള്ള ആരെങ്കിലും മരിക്കുമ്പോഴുള്ള സങ്കടം നിങ്ങള്‍ക്ക് അറിയാമോ? ബംഗാളില്‍ നടന്ന കലാപത്തില്‍ മകന്‍ നഷ്ടപ്പെട്ട ഇമാം ഇന്നലെ പറഞ്ഞു: ഇത് വര്‍ഗ്ഗീയവല്‍ക്കരിക്കരുത്. അങ്ങനെ ചെയ്താല്‍ ഞാന്‍ ഈ നാട് വിട്ടുപോവുമെന്ന്. അതാണ് ഏതൊരു മതത്തിലായാലും സംസ്‌കാരം എന്ന് പറയുന്നത്. നിങ്ങള്‍ അവിടെ(ബംഗാളില്‍) പോയി പറഞ്ഞത് ജീവനോടെ തൊലിയുരിക്കുമെന്നാണ്. അത് സംസ്‌കാര ശൂന്യതയാണ്. മാന്യമായി പെരുമാറുക” പ്രകാശ് രാജ് പറഞ്ഞു.


Read Also: ‘നിങ്ങള്‍ പ്രതികാരത്തിനിറങ്ങിയാല്‍ ഞാന്‍ ഈ പള്ളിയും നാടും വിട്ടു പോവും’; രാമനവമിക്കിടെയുണ്ടായ കലാപത്തില്‍ മകന്‍ നഷ്ടപ്പെട്ട ഇമാമിന്റെ സമാധാന ആഹ്വാനം


പ്രതിഷേധിച്ച പൊതുജനങ്ങളോട് “ജീവനോടെ തൊലി ഉരിച്ചുകളയുമെന്ന് ബാബുല്‍ സുപ്രിയോ കഴിഞ്ഞ ദിവസം പറഞ്ഞത് സൂചിപ്പിച്ചാണ് പ്രകാശ് രാജിന്റെ മറുപടി. ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടന്ന രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ കല്ല്യാണ്‍പൂരിലെ ഒരു ക്യംപ് സന്ദര്‍ശിക്കവെയാണ് ബാബുല്‍ സുപ്രിയോയുടെ ഭീഷണി. തനിക്ക് നേരെ മുദ്രാവാക്യം മുഴക്കിയ ജനങ്ങളോട് തൊലി ഉരിഞ്ഞുകളയുമെന്നാണ് മന്ത്രി പറഞ്ഞത്. സംഭവത്തില്‍ നിരോധനജ്ഞയുള്ള സ്ഥലത്ത് അത്രിക്രമിച്ച് കടന്നതിനും ഐ.പി.എസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിരുന്നു.

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാവില്ലെന്നും ഹിന്ദുത്വം പ്രചരിപ്പിച്ച് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടില്ലെന്നും പരിപാടിയില്‍ പ്രകാശ് രാജ് പറഞ്ഞു. എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയുമെന്നാണ് നമ്മള്‍ കരുതുന്നത്. എല്ലാവര്‍ക്കും ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുമെന്നും. എന്നാല്‍ ബി.ജെ.പി അവരുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ ഹിന്ദുത്വ അജണ്ട ഒരിക്കലും ഇവിടെ നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കില്ല.


Read also: ‘എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം മറ്റൊരു അഴിമതി’; കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി


ബി.ജെ.പിയുടെ ഈ ഹിന്ദുത്വ പ്രചരണം കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി ലഭിക്കും. വൈവിധ്യമില്ലാത്ത ഒരു സമൂഹത്തിന് ഇവിടെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

Full Video: 

Latest Stories

We use cookies to give you the best possible experience. Learn more