'എന്താണ് നിങ്ങളുടെ നിലപാട്..? ഹിറ്റ്‌ലറിന്റെ പുനര്‍ജന്മമാണോ നിങ്ങള്‍..?'; ദേശീയതയും ഹിന്ദുത്വവും ഒന്നാണെന്നു പറഞ്ഞ കേന്ദ്രമന്ത്രിയ്‌ക്കെതിരെ പ്രകാശ് രാജ്
Daily News
'എന്താണ് നിങ്ങളുടെ നിലപാട്..? ഹിറ്റ്‌ലറിന്റെ പുനര്‍ജന്മമാണോ നിങ്ങള്‍..?'; ദേശീയതയും ഹിന്ദുത്വവും ഒന്നാണെന്നു പറഞ്ഞ കേന്ദ്രമന്ത്രിയ്‌ക്കെതിരെ പ്രകാശ് രാജ്
എഡിറ്റര്‍
Saturday, 9th December 2017, 12:05 am

 

ചെന്നൈ: ദേശീയതയുടെയും ഹിന്ദുത്വത്തിന്റെയും ആശയം ഒന്നാണെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ പ്രകാശ് രാജ്. കേന്ദ്രമന്ത്രി പ്രസ്താവനയില്‍ വിശദീകരണം നല്‍കണമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

“ദേശീയതയും ഹിന്ദുത്വവും രണ്ടു വ്യത്യസ്ത സംഭവങ്ങളാണെന്നും എന്നാല്‍ ആശയം ഒന്നാണെന്നുമാണ് നിങ്ങള്‍ പറഞ്ഞത്. ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെന്താണ്? അഹിന്ദുക്കളെയും അംബേദ്കറിനെയും അബ്ദുല്‍ കലാമിനെയും എ.ആര്‍.റഹ്മാനെയും ഖുഷ്വന്ത് സിങ്ങിനെയും, അമൃത പ്രീതത്തെയും ഡോ.വര്‍ഗീസ് കുര്യനെയും പോലുള്ളവരുടെ കാര്യം അപ്പോഴെന്താകും”.


Also Read: ഓഖി ദുരന്തം; കേരള സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍


എന്നെപ്പോലെ മതമില്ലാതെ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യമെന്താകും? നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരല്ലേ? നിങ്ങളാരാണ്, നിങ്ങളുടെ കാര്യപരിപാടിയെന്താണ്. ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറിന്റെ പുനര്‍ജന്മമാണോ നിങ്ങള്‍?” പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

ദേശീയതയേയും ഹിന്ദുത്വത്തെയും കുറിച്ച് ഹെഗ്‌ഡെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയും പ്രകാശ് രാജ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. ഇസ്ലാമിനെ ലോകത്തുനിന്നു തുടച്ചുനീക്കണമെന്നാണ് മന്ത്രി പറയുന്നതെന്നും പ്രകാശ് രാജ് പറയുന്നു. മതേതര രാജ്യമായ ഇന്ത്യയിലെ മന്ത്രിയുടെ പരിപാടികള്‍ വിശകലനം ചെയ്യണമെന്നും പ്രകാശ് രാജ്് ആവശ്യപ്പെട്ടു.

നേരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും പ്രകാശ് രാജിന്റെ നിലപാട് ചര്‍ച്ചയായിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ നിലപാടു വ്യക്തമാക്കാത്ത പ്രധാനമന്ത്രിക്കെതിരെയും പ്രകാശ് രാജ് ആഞ്ഞടിച്ചിരുന്നു.