'ലജ്ജതോന്നുന്നു, നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം കാണുമ്പോള്‍' മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്
Karnataka Election
'ലജ്ജതോന്നുന്നു, നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം കാണുമ്പോള്‍' മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 8:42 am

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കുവേണ്ടി മതം ഉയര്‍ത്തിക്കാട്ടി വോട്ടു ചോദിക്കുന്ന ഭാര്യമാരുടെ വീഡിയോ പങ്കുവെച്ച് നടന്‍ പ്രകാശ് രാജ്. ഹിന്ദുമതത്തിന്റെ ഉയര്‍ച്ചയ്ക്കായി ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെടുന്ന വീഡിയോയാണ് പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നത്.

“നോക്കൂ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മതത്തിന്റെ പേരില്‍ വോട്ടിനുവേണ്ടി യാചിക്കുന്നത്… നിങ്ങളുടെ വര്‍ഗീയ രാഷ്ട്രീയം കണ്ട് ലജ്ജതോന്നുന്നു. ഇതാണോ നിങ്ങളുടെ സബ്കാ സാത്, സബ്കാ വികാസ്” എന്നു ചോദിച്ചുകൊണ്ടാണ് പ്രകാശ് രാജ് വീഡിയോ പങ്കുവെക്കുന്നത്.

കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടാക്രമിക്കുന്ന തരത്തിലുള്ള ബി.ജെ.പിയുടെ പ്രചരണ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ബി.ജെ.പി പുറത്തിറക്കിയ മൂന്നു പരസ്യങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.


Also Read: 10 വയസുകാരിയെ മദ്രസയില്‍ പീഡിപ്പിച്ച സംഭവം: വര്‍ഗീയ മുദ്രാവാക്യം വിളിച്ചെത്തിയ ജനക്കൂട്ടം മൗലവിയുടെ വീടാക്രമിച്ചു; പുറത്തിറങ്ങിയാല്‍ തെരുവിലിട്ട് കത്തിച്ചുകളയുമെന്ന് ഭീഷണി


30,35,50 സെക്കന്‍ഡുകളുള്ള വീഡിയോകള്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുള്ളതായിരുന്നു. മെയ് 10 വരെ കന്നഡ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നു പരസ്യം.

പരസ്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വീഡിയോകള്‍ വ്യക്തിപരമായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖ കമ്മീഷനെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സിദ്ധരാമയ്യയെ പരിഹസിക്കുന്നതിനായി പരസ്യത്തില്‍ “സിദ്ധ സര്‍ക്കാര” എന്ന് ചേര്‍ത്തിരുന്നുവെന്നും സിദ്ധരാമയ്യയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിലകൂടിയ സ്വര്‍ണ്ണവാച്ചും വോട്ടര്‍മാര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും പരസ്യത്തിലുണ്ടായിരുന്നു.