ഇന്ത്യയിലെ സിനിമാ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. സിനിമാ ഇൻഡസ്ട്രിയല്ല മറിച്ച് പ്രേക്ഷകരുടെ ചിന്താഗതിയാണ് പാൻ ഇന്ത്യൻ ആയിട്ടുള്ളതെന്ന് പ്രകാശ് രാജ് പറഞ്ഞു. കൊവിഡ് അതിന് ഒരുപാട് സഹായകമായിട്ടുണ്ടെന്നും എല്ലാ സിനിമകളും എല്ലാ സംസ്ഥാനത്തുള്ള ആളുകളും കാണുന്നുണ്ടെന്നും പ്രകാശ് പറയുന്നുണ്ട്.
ഫഹദ് ഫാസിൽ എല്ലായിടത്തും സ്റ്റാർ ആണെന്നും കാരണം പ്രേക്ഷകർ സ്വീകരിക്കുന്നത് കൊണ്ടാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. മീഡിയ വൺ ടി.വി ലൈവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ല. പ്രേക്ഷകരുടെ ചിന്താഗതിയാണ് പാൻ ഇന്ത്യനായിട്ടുള്ളത്. അതിന് കൊവിഡ് ഒരുപാട് സഹായകമായിട്ടുണ്ട്. ഫഹദ് ഫാസിൽ എല്ലായിടത്തും സ്റ്റാറാണ്. കാരണം അത് എല്ലാ പ്രേക്ഷകരും സ്വീകരിക്കുന്നതുകൊണ്ടാണ്. മലയാള സിനിമയാണെങ്കിലും ബംഗാളി സിനിമയാണെങ്കിലും എല്ലായിടത്തുള്ള ആളുകൾക്കും അത് കാണാനുള്ള ഒരു അവസരം ഉണ്ടായി.
എല്ലാ കണ്ടെന്റുകളും എല്ലാവർക്കും കിട്ടാൻ തുടങ്ങി. അതിനുമുൻപ് അങ്ങനെയൊരു കാര്യമില്ലായിരുന്നു. കന്നട സിനിമകൾ കർണാടകയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ മലയാള സിനിമകൾ മലയാളത്തിൽ മാത്രമായിരുന്നു.
അതുപോലെ ഹിന്ദി സിനിമ അവിടെ മാത്രമായിരുന്നു. അവരെയുള്ള ആളുകൾക്ക് മാത്രമായിരുന്നു അത് ലഭിച്ചിരുന്നത്. പിന്നീട് ഒ.ടി.ടി എന്നുള്ള ഒരു പ്ലാറ്റ്ഫോം വന്നതിനുശേഷം വലിയ മാറ്റം സംഭവിച്ചു. കാരണം എവിടെയാണോ നല്ല കണ്ടന്റ് ഉള്ളത് അവരാണ് അവിടെ സ്റ്റാർ ആകുന്നത്. അങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോൾ സംഭവിക്കുന്നുണ്ട്,’ പ്രകാശ് രാജ് പറഞ്ഞു.
സിനിമയിലെ തീവ്ര വലതുപക്ഷ സപ്പോർട്ടിനെക്കുറിച്ചും പ്രകാശ് രാജ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ബാഹുബലി ഒന്നാണെങ്കിലും രണ്ടാണെങ്കിലും അങ്ങനെയുള്ള ഴോണറിലുള്ള സിനിമകൾ എല്ലാ സ്ഥലത്തും റിലീസ് ചെയ്യുന്നുണ്ട്. എല്ലാവർക്കും അത് നിർമിക്കാൻ കഴിയില്ല. അത് വലിയൊരു ഇവന്റാണ്. അങ്ങനെയുള്ള സിനിമകൾക്ക് എവിടെയൊക്കെ എത്തിയാലും അവിടേക്ക് റൈറ്റ് വിങ് വരുന്നുണ്ടാകും.
ഇന്നത്തെ കാലഘട്ടത്തിൽ സിനിമയിലേക്ക് കോടിക്കണക്കിന് പൈസയാണ് റൈറ്റ് വിങ് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊരിക്കലും പരാജയപെടുന്നതിൽ വ്യാകുലപ്പെടുന്നവരല്ല. അറിഞ്ഞുകൊണ്ട് എന്തിനാണ് രാമനും ശിവനും ഒക്കെ വേണ്ടിയിട്ട് 400 കോടിയും 500 കോടി ഒക്കെ മുടക്കുന്നത്. അവരുടെ കയ്യിൽ പൈസ ഉണ്ട്.
അങ്ങനെയുള്ള കണ്ടെന്റുകൾ വെച്ചിട്ട് ഒരു പൊട്ടിത്തെറി ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് ഒരിക്കലും ഒരാൾ ഒറ്റയ്ക്കല്ല. ആരായിരിക്കും ഇത് പ്രൊഡ്യൂസ് ചെയ്യുന്നത്? ആരായിരിക്കും ഇവർക്ക് പ്രൊഡ്യൂസ് ചെയ്യാൻ സഹായിക്കുന്നത്? അതേപോലെതന്നെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയിട്ട് റൈറ്റ് വിങ് ഒരുപാട് പൈസ ഇതിനു വേണ്ടി മുടക്കിയിട്ടുണ്ട്,’ പ്രകാശ് രാജ് പറയുന്നു.
Content Highlight: Prakash raj about the film industry growth