തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമായ നടനാണ് പ്രകാശ് രാജ്. അഭിനയത്തിന് പുറമെ സംവിധാനത്തിലും, തിരക്കഥാരചനയിലും, നിര്‍മാണത്തിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ താരത്തിന് സാധിച്ചു. അഞ്ച് തവണ ദേശീയ അവാര്‍ഡും ആറ് സംസ്ഥാന അവാര്‍ഡും നേടിയ താരം കരിയറില്‍ കൂടുതലും ചെയ്തിട്ടുള്ളത് വില്ലന്‍ വേഷങ്ങളാണ്.
നടനും സംവിധായകനുമായ എസ്.ജെ. സൂര്യയെക്കുറിച്ച് പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആസൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ എസ്.ജെ സൂര്യയെ ആദ്യമായി കണ്ടതെന്ന് താരം പറഞ്ഞു. ഇന്നും പലരും ഓര്‍ത്തുവെക്കുന്ന വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് ആ സിനിമയിലേതെന്ന് പ്രകാശ് രാജ് പറഞ്ഞു.
ആ സിനിമയില്‍ താന്‍ വില്ലനായി അഭിനയിച്ചപ്പോള്‍ എസ്.ജെ. സൂര്യ അസിസ്റ്റന്റ് ഡയറക്ടറായിരുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം അയാള്‍ സംവിധായകനും നടനുമായി തിളങ്ങുന്നത് കണ്ടപ്പോള്‍ അത്ഭുതമായെന്നും തനിക്ക് പോലും കോമ്പറ്റിഷന്‍ തരുന്ന നിലക്ക് വളര്‍ന്ന നടനായി മാറിയെന്നും പ്രകാശ് രാജ് പറഞ്ഞു. ധനുഷിന്റെ 50ാമത് ചിത്രമായ രായന്റെ ഓഡിയോ ലോഞചില്‍ വെച്ചാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.
‘ധനുഷുമായി ഞാന്‍ ചെയ്യുന്ന നാലാമത്തെ സിനിമയാണ് രായന്‍. തിരുവിളയാടല്‍ ആരംഭം എന്ന സിനിമയിലാണ് ഞാന്‍ ധനുഷിനോടൊപ്പം ആദ്യമായി ഒന്നിക്കുന്നത്. അന്ന് ഇവന്‍ ഇത്രയും വളരുമെന്നും ഭാവിയില്‍ എന്നെ ഡയറക്ട് ചെയ്യുമെന്നും ഞാന്‍ വിചാരിച്ചിരുന്നില്ല. തിരുച്ചിത്രമ്പലത്തില്‍ ഞങ്ങള്‍ അച്ഛനും മകനുമായി അഭിനയിച്ചു. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണ്.
ധനുഷിനെപ്പോലെ എടുത്ത് പറയേണ്ട മറ്റൊരാളുണ്ട്. എസ്.ജെ. സൂര്യ, അയാളെ ഞാന്‍ ആദ്യമായി കാണുന്നത് ആസൈ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. മണിരത്‌നം സാറായിരുന്നു അത് പ്രൊഡ്യൂസ് ചെയ്തത്. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടായിരുന്നു എസ്.ജെ. സൂര്യ. പിന്നീട് അയാള്‍ സംവിധായകനായി, നടനായി, ഇപ്പോള്‍ എനിക്ക് പോലും കോമ്പറ്റിഷന്‍ തരുന്ന നിലയില്‍ വളര്‍ന്നു. ഇതൊക്കെ അത്ഭുതത്തോടെയല്ലാതെ കാണാന്‍ കഴിയില്ല,’ പ്രകാശ് രാജ് പറഞ്ഞു.
Content Highlight: Prakash Raj about S J Suryah