| Monday, 15th January 2024, 8:32 pm

രാമന്റെയും ശിവന്റെയും സിനിമയ്ക്ക് വേണ്ടി 400ഉം 500ഉം കോടിയാണ് തീവ്ര വലതുപക്ഷം മുടക്കുന്നത്: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ചിത്രങ്ങളിൽ തീവ്ര വലതുപക്ഷ സപ്പോർട്ടിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ പ്രകാശ് രാജ്. ഇങ്ങനെയുള്ള വലിയ സിനിമകൾ ഒരു ഇവന്റ് ആണെന്നും അത് എല്ലാവർക്കും നിർമിക്കാൻ കഴിയില്ലെന്നും അവിടേക്ക് തീവ്ര വലതുപക്ഷത്തിന്റെ സപ്പോർട്ട് ഉണ്ടാവുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ഇന്നത്തെ കാലഘട്ടത്തിൽ സിനിമയിലേക്ക് കോടിക്കണക്കിന് പൈസയാണ് റൈറ്റ് വിങ് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. അറിഞ്ഞുകൊണ്ട് എന്തിനാണ് രാമനും ശിവനും വേണ്ടിയിട്ട് 400 കോടിയും 500 കോടിയുമൊക്കെ മുടക്കുന്നതെന്നും പ്രകാശ് രാജ് മീഡിയ വൺ ടി.വി ലൈവിന് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.

‘ബാഹുബലി ഒന്നാണെങ്കിലും രണ്ടാണെങ്കിലും അങ്ങനെയുള്ള ഴോണറിലുള്ള സിനിമകൾ എല്ലാ സ്ഥലത്തും റിലീസ് ചെയ്യുന്നുണ്ട്. എല്ലാവർക്കും അത് നിർമിക്കാൻ കഴിയില്ല. അത് വലിയൊരു ഇവന്റാണ്. അങ്ങനെയുള്ള സിനിമകൾ എവിടെയൊക്കെ എത്തിയാലും അവിടേക്ക് റൈറ്റ് വിങ് വരുന്നുണ്ടാകും.

ഇന്നത്തെ കാലഘട്ടത്തിൽ സിനിമയിലേക്ക് കോടിക്കണക്കിന് പൈസയാണ് റൈറ്റ് വിങ് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊരിക്കലും പരാജയപെടുന്നതിൽ വ്യാകുലപ്പെടുന്നവരല്ല. അറിഞ്ഞുകൊണ്ട് എന്തിനാണ് രാമനും ശിവനും ഒക്കെ വേണ്ടിയിട്ട് 400 കോടിയും 500 കോടി മുടക്കുന്നത്. അവരുടെ കയ്യിൽ പൈസ ഉണ്ട്.

അങ്ങനെയുള്ള കണ്ടെന്റുകൾ വെച്ചിട്ട് ഒരു പൊട്ടിത്തെറി ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് പ്രൊഡ്യൂസ് ചെയ്യുന്നത് ഒരിക്കലും ഒരാൾ ഒറ്റയ്ക്കല്ല. ആരായിരിക്കും ഇത് പ്രൊഡ്യൂസ് ചെയ്യുന്നത്? ആരായിരിക്കും ഇവരെ പ്രൊഡ്യൂസ് ചെയ്യാൻ സഹായിക്കുന്നത്? അതേപോലെതന്നെ സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടിയിട്ട് റൈറ്റ് വിങ് ഒരുപാട് പൈസ ഇതിനു വേണ്ടി മുടക്കിയിട്ടുണ്ട്,’ പ്രകാശ് രാജ് പറയുന്നു.

ഇന്ത്യയിലെ സിനിമാ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ലെന്നും പ്രേക്ഷകരുടെ ചിന്താഗതിയാണ് പാൻ ഇന്ത്യൻ ആയിട്ടുള്ളതെന്ന് പ്രകാശ് രാജ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘സിനിമ ഇൻഡസ്ട്രി ഒരിക്കലും പാൻ ഇന്ത്യൻ ആയിട്ടില്ല. പ്രേക്ഷകരുടെ ചിന്താഗതിയാണ് പാൻ ഇന്ത്യനായിട്ടുള്ളത്. അതിന് കൊവിഡ് ഒരുപാട് സഹായകമായിട്ടുണ്ട്.

ഫഹദ് ഫാസിൽ എല്ലായിടത്തും സ്റ്റാറാണ്. കാരണം അത് എല്ലാ പ്രേക്ഷകരും സ്വീകരിക്കുന്നതുകൊണ്ടാണ്. മലയാള സിനിമയാണെങ്കിലും ബംഗാളി സിനിമയാണെങ്കിലും എല്ലായിടത്തുള്ള ആളുകൾക്കും അത് കാണാനുള്ള ഒരു അവസരം ഉണ്ടായി.

എല്ലാ കണ്ടെന്റുകളും എല്ലാവർക്കും കിട്ടാൻ തുടങ്ങി. അതിനുമുൻപ് അങ്ങനെയൊരു കാര്യമില്ലായിരുന്നു. കന്നട സിനിമകൾ കർണാടകയിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുപോലെ മലയാള സിനിമകൾ മലയാളത്തിൽ മാത്രമായിരുന്നു. അതുപോലെ ഹിന്ദി സിനിമ അവിടെ മാത്രമായിരുന്നു. അവിടെയുള്ള ആളുകൾക്ക് മാത്രമായിരുന്നു അത് ലഭിച്ചിരുന്നത്.

പിന്നീട് ഒ.ടി.ടി എന്നുള്ള ഒരു പ്ലാറ്റ്ഫോം വന്നതിനുശേഷം വലിയ മാറ്റം സംഭവിച്ചു. കാരണം എവിടെയാണോ നല്ല കണ്ടന്റ് ഉള്ളത് അവരാണ് അവിടെ സ്റ്റാർ ആകുന്നത്. അങ്ങനെയൊരു മാറ്റം ഇവിടെ ഇപ്പോൾ സംഭവിക്കുന്നുണ്ട്,’ പ്രകാശ് രാജ് പറഞ്ഞു.

Content Highlight: Prakash raj about right wing support towards big budget movie

We use cookies to give you the best possible experience. Learn more