ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതിന് ശേഷം വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുവരികയാണ്. എന്നാല്‍ നടി കങ്കണ റാവത്ത് നടത്തിയ പ്രതികരണം മറ്റൊരു കാര്യത്തെ കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.
ബോളിവുഡില്‍ സ്വജനപക്ഷപാതിത്വം നിലനില്‍ക്കുന്നുവെന്നും ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന സുശാന്തിന്റെ അഞ്ചോളം ചിത്രങ്ങള്‍ 2019ല്‍ മുടക്കിയെന്നുമാണ് കങ്കണയുടെ വിമര്‍ശനം. ഇതിനെ തുടര്‍ന്ന് സ്വജനപക്ഷപാതിത്വത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹറിനും നടി ആലിയ ഭട്ടിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജീവിച്ചിരുന്നപ്പോള്‍ സുശാന്ത് അനുഭവിച്ചിരുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാത്ത ഇവര്‍ മരിച്ചു കഴിഞ്ഞപ്പോള്‍ ആത്മാര്‍ത്ഥയില്ലാതെ സംസാരിക്കുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.