|

ആ നാഷണൽ അവാർഡ് എന്നെ പോലെ ലാലേട്ടനും അവകാശപ്പെട്ടതാണ്: പ്രകാശ് രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍.റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും എം.കരുണാനിധിയുടേയും രാഷ്ട്രീയജീവിതാംശങ്ങള്‍ പകര്‍ത്തിയിരുന്നു.

മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഇരുവര്‍ എക്കാലത്തെയും ക്ലാസിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്നു. ചിത്രത്തിലെ പ്രകടനത്തിന് പ്രകാശ്‌രാജിന് മികച്ച സഹ നടനുള്ള ദേശീയ അവാർഡും കിട്ടിയിരുന്നു.

കരുണാനിധിയുമായി തനിക്കൊരു സാമ്യമില്ലെന്നും സിനിമയിൽ മോഹൻലാലിനൊപ്പമുള്ള ആദ്യ ഷോട്ടിന് 25 ടേക്കുകൾ എടുത്തിട്ടുണ്ടെന്നും പ്രകാശ് രാജ് പറയുന്നു. മോഹൻലാൽ അന്നേ വലിയ താരമാണെന്നും തന്റെ റിഹേഴ്സലിനായി അദ്ദേഹവും കൂടെ നടന്നിരുന്നുവെന്നും പ്രകാശ് രാജ് പറയുന്നു. ഇരുവരിൽ തനിക്ക് ലഭിച്ച നാഷണൽ അവാർഡിൽ മോഹൻലാലിനും അവകാശമുണ്ടെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ഇരുവരിൽ എനിക്ക് ലഭിച്ച നാഷണൽ അവാർഡ് ലാലേട്ടനും അവകാശപ്പെട്ടതാണ്
– പ്രകാശ് രാജ്

‘സത്യത്തിൽ കരുണാനിധിയുമായി എനിക്ക് ഒരു സാമ്യവുമില്ല. സംവിധായകൻ മണിരത്നത്തിന് എന്താണ് ഞങ്ങൾ സിനിമയിൽ ചെയ്യേണ്ടതെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാത്രമല്ല മോഹൻലാൽ എന്ന വലിയ നടനൊപ്പമാണ് അഭിനയിച്ചത്. ഓർക്കുമ്പോൾ ഇന്നും കണ്ണുനിറഞ്ഞു പോവുന്നു. സിനിമയിൽ ലാലേട്ടന് ഒപ്പമുള്ള എൻ്റെ ആദ്യ ഷോട്ടിന് 25 ടേക്കുകളാണ് എടുത്തത്. എല്ലാ ടേക്കുകളും സത്യത്തിൽ സാധാരണ നിലയിൽ ഓക്കെ ആയിരുന്നു.

പക്ഷെ മണിരത്ന‌ത്തിന് തൃപ്‌തിയായില്ല. പൂർണതയ്ക്ക് വേണ്ടിയുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. 25 തവണയും റിഹേഴ്‌സലിന് വേണ്ടി ലാലേട്ടൻ എൻ്റെ ഒപ്പം സംസാരിച്ചു കൊണ്ട് നടന്നു. അന്നേ വലിയ താരമാണ് അദ്ദേഹം. ശരിക്കും ഒരു ലെജന്റ്. അങ്ങനെ റിഹേഴ്‌സലിന് വേണ്ടി മറ്റു നടൻമാർക്കൊപ്പം നടക്കേണ്ട കാര്യമില്ല.

ഒപ്പം അഭിനയിക്കുമ്പോൾ അത്രയ്ക്ക് സഹകരിക്കുന്ന മറ്റൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ആ സിനിമയിൽ ദേശീയ അവാർഡ് ലഭിച്ചു. ആ അവാർഡ് എന്നെ പോലെ തന്നെ അദ്ദേഹത്തിനും അവകാശപ്പെട്ടതാണ്. തബു, രേവതി തുടങ്ങിയവരുടെ പ്രകടനങ്ങളും ആ സിനിമയെ മികച്ചതായി തീർക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു. സത്യത്തിൽ സിനിമയിൽ ഉപയോഗിച്ച ചെന്തമിഴിനെ കുറിച്ച് എനിക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. ഭാഷയും തമിഴ് രാഷ്ട്രീയത്തിൻ്റെ ചരിത്രപരിണാമങ്ങളും ഞാൻ പഠിച്ചെടുക്കുകയായിരുന്നു,’പ്രകാശ് രാജ് പറയുന്നു.

Content Highlight: Prakash Raj About Mohanlal’s Support In Iruvar Movie