| Wednesday, 2nd May 2018, 11:52 am

'ധൈര്യമുണ്ടോ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് കൂടി എന്നെ ഒഴിവാക്കാന്‍' മോദി സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് പ്രകാശ് രാജിന്റെ കിടിലന്‍ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ തനിക്ക് ചില സിനിമകളില്‍ അവസരം നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തി പ്രകാശ് രാജ്. ചില പരസ്യങ്ങളും ഹിന്ദി സിനിമകളും തനിക്ക് നഷ്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്.

ദ വയറിനു നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം നഷ്ടങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നു പറഞ്ഞ പ്രകാശ് രാജ് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയും ചെയ്തു.

“അവര്‍ക്ക് എന്റെ ചില പരസ്യങ്ങളും ഹിന്ദി ചിത്രങ്ങളും നഷ്ടപ്പെടുത്താന്‍ കഴിഞ്ഞു. പക്ഷേ അവര്‍ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, ആ നഷ്ടങ്ങളൊക്കെ സഹിക്കാന്‍ കഴിയുന്നവണ്ണം സമ്പന്നനാണ് ഞാന്‍. എന്റെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി ഞാനവരെ വെല്ലുവിളിക്കുന്നു.” എന്നും പ്രകാശ് രാജ് പറഞ്ഞു.


Also Read: സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങ്; പ്രമുഖതാരങ്ങള്‍ വിട്ട് നിന്നത് വിനായകന് അവാര്‍ഡ് നല്‍കിയതിനാലെന്ന് മന്ത്രി എ.കെ ബാലന്‍; അതേവേദിയില്‍ മറുപടിയുമായി ജോയ്മാത്യു


2019ല്‍ മോദി പ്രധാനമന്ത്രിയാവാന്‍ പോകുന്നില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. കര്‍ണാടകയുടെ നേതാക്കളാവാന്‍ ആദിത്യനാഥിനും അമിത് ഷായ്ക്കും കഴിയില്ല. സ്വന്തം നേതാക്കളെ തെരഞ്ഞെടുക്കാന്‍ താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും പ്രകാശ് രാജ് പറഞ്ഞു.

കര്‍ണാടകയില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് സജീവമായതെന്നും പ്രകാശ് രാജ് വിശദീകരിക്കുന്നു. ഇനി തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും തീര്‍ച്ചയായും ബി.ജെ.പിയ്‌ക്കെതിരെ കാമ്പെയ്ന്‍ നടത്തുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more