ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് പ്രകാശ് രാജ്. നാടകത്തിലൂടെ സിനിമയിലേക്കെത്തിയ പ്രകാശ് രാജ് തമിഴിലൂടെയാണ് ശ്രദ്ധേയനായത്. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. അഞ്ച് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ പ്രകാശ് രാജ് സംവിധാനത്തിലും നിര്‍മാണത്തിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയനിലപാടുകള്‍ കൊണ്ടും പ്രകാശ് രാജ് പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.
പ്രകാശ് രാജിന്റെ മികച്ച അഭിനയം കണ്ട സിനിമയായിരുന്നു കാഞ്ചീവരം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ പ്രകാശ് രാജിന് നാഷണൽ അവാർഡ് നേടികൊടുത്തിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ് കാഞ്ചീവരമെന്ന് പറയുകയാണ് പ്രകാശ് രാജ്. മോഹൻലാൽ ചെയ്യേണ്ട വേഷമായിരുന്നു അതെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് കാരണമാണ് ആ കഥാപാത്രം തനിക്ക് ലഭിച്ചതെന്നും പ്രകാശ് രാജ് പറയുന്നു. കാഞ്ചീവരം തന്റെ ജീവിതം മാറ്റി മറിച്ചുവെന്നും ഒസ്കർ അവാർഡിന് ആ സിനിമ പരിഗണിക്കപ്പെടാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എന്റെ സിനിമ. ആ സിനിമയുടെ ഇതിവൃത്തം പ്രിയൻ എന്നോട് പറഞ്ഞ ഉടനെ ഞാൻ പ്രതികരിച്ചില്ല. അതിനു ശേഷം റസ്റ്റോറൻറിൽ ചെന്ന് ഒരു കാപ്പി കുടിച്ച ശേഷം ഞാൻ ചോദിച്ചു, 12 വർഷം മനസിൽകൊണ്ടു നടന്നിട്ടും, ഇതുവരെ ആ സിനിമ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന്. ആ കഥ, അതിലെ എന്റെ കഥാപാത്രം എന്നെ അത്രത്തോളം ആകർഷിച്ചു കളഞ്ഞു.
സത്യത്തിൽ ലാലേട്ടൻ ചെയ്യേണ്ട റോളായിരുന്നു. തിരക്കു മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിൽ എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്. അദ്ദേഹം ചെയ്‌തിരുന്നെങ്കിൽ ആ റോൾ എനിക്ക് കിട്ടില്ലായിരുന്നുവല്ലോ? മുപ്പത് ദിവസം കൊണ്ട് കൃത്യമായ പ്ലാനിങ്ങോടെ ഷൂട്ട് ചെയ്‌ത സിനിമയാണത്. എൻ്റെ ജീവിതം തന്നെ കാഞ്ചീവരം മാറ്റിമറിച്ചു.
ദേശീയ അവാർഡ് കിട്ടിയെന്നത് മാത്രമല്ല. ടൊറൻ്റോ ഫിലിം ഫെസ്റ്റിവലിൽ കിട്ടിയ സ്വീകരണം. സിനിമ പ്രദർശിപ്പിച്ച ശേഷം ഞാൻ അവിടുത്തെ തെരുവിലൂടെ നടക്കുമ്പോൾ പലരും അരികിൽ വന്നു പറഞ്ഞു. ‘നിങ്ങളുടെ സിനിമയാണ് ഏറ്റവും മികച്ചത്.’
ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ, കാണിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ആ വർഷത്തെ ഒസ്കർ അവാർഡിന് ആ സിനിമ പരിഗണിക്കപ്പെടുമായിരുന്നെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ലോക സിനിമാ വേദികളിലേക്ക് ഇന്ത്യൻ സിനിമകൾ എത്തിക്കാനാവുന്നില്ലെന്നതിൻ്റെ ഉദാഹരണമായി കാഞ്ചീവരവും നിലനിൽക്കും. അതിൽ എനിക്കിപ്പോഴും ദുഃഖമുണ്ട്.
കാഞ്ചീവരം എൻ്റെ കരിയറിൽ ഏറെ സംതൃപ്തി നൽകിയ സിനിമയാണ്. എൻ്റെ സിനിമാ യാത്രയെ അർത്ഥവത്താക്കിയ സിനിമ അങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ടാക്കിയതിൽ, അതിൽ എന്നെ അഭിനയിപ്പിച്ചതിൽ പ്രിയനോട് ഏറെ നന്ദിയുണ്ട്,’പ്രകാശ് രാജ് പറയുന്നു.
Content Highlight: Prakash Raj About Kanjivaram Movie And Mohanlal