| Wednesday, 26th June 2024, 10:58 am

വിളിച്ചത് ഒരു ദിവസത്തെ ഷൂട്ടിന്; അന്ന് കത്തനാരായി അഭിനയിക്കാന്‍ ആയിരുന്നില്ല ഞാന്‍ പോകുന്നത്: പ്രകാശ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കത്തനാരായി അഭിനയിക്കാന്‍ വേണ്ടിയായിരുന്നില്ല തന്നെ കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലിലേക്ക് വിളിച്ചതെന്ന് പറയുകയാണ് പ്രകാശ് പോള്‍. അന്ന് അവര്‍ക്ക് വേണ്ടിയിരുന്നത് കത്തനാരായി അവര്‍ മനസില്‍ കണ്ടിരുന്ന നടന്റെ രൂപമുള്ള ഒരാളെയായിരുന്നുവെന്നും താരം പറയുന്നു. ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് പോള്‍.

‘കത്തനാരായി അഭിനയിക്കാന്‍ വേണ്ടിയായിരുന്നില്ല എന്നെ ആ സീരിയലിലേക്ക് വിളിച്ചത്. അവര്‍ക്ക് അന്ന് വേണ്ടിയിരുന്നത് കത്തനാരായി അവര്‍ മനസില്‍ കണ്ടിരുന്ന ആക്ടറിന്റെ രൂപമുള്ള ഒരാളെയായിരുന്നു. എന്റെ ക്വാളിറ്റിയായി അവര്‍ കണ്ടത് താടിയും മുടിയും ആറടി പൊക്കവുമായിരുന്നു. അങ്ങനെയുള്ള ഒരാളെയായിരുന്നു അവര്‍ തേടിയത്. പലരുമായും അവര്‍ ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നെ ഒരു ദിവസത്തെ ഷൂട്ടിനായാണ് അവര്‍ വിളിച്ചത്. അഭിനയിക്കേണ്ടത് ഞാന്‍ മാത്രമായിരുന്നു. അതായത് ടൈറ്റില്‍ സോങ്ങിന് വേണ്ടിയായിരുന്നു എന്നെ വിളിച്ചത്.

ആ ദിവസം മുഴുവന്‍ ഞാന്‍ അഭിനയിച്ചു. പ്രത്യേകിച്ച് സീനൊന്നും ഉണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ആകാശത്തേക്ക് കൈയുയര്‍ത്തി പ്രാര്‍ത്ഥിക്കുകയും മാത്രമാണ് വേണ്ടത്. അങ്ങനെയുള്ള എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്തു. അത് കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ എന്നെ വിളിക്കുന്നത്. അപ്പോഴും അവര്‍ തീരുമാനം മാറ്റിയിരുന്നു. അതായത് ഡ്യൂപ്പായി അഭിനയിച്ച ആളെ കത്തനാരായി അഭിനയിപ്പിച്ചാലോ എന്ന ചിന്ത അവര്‍ക്ക് വന്നു. ഞാന്‍ ചെന്നപ്പോള്‍ എന്നെയാണ് കത്തനാരായി തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. അങ്ങനെ യാദൃശ്ചികമായി കത്തനാരായ ആളാണ് ഞാന്‍,’ പ്രകാശ് പോള്‍ പറഞ്ഞു.

കത്തനാരിന്റെ പുതിയ സീരിയല്‍ വരുന്നതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ഇന്നും കടമറ്റത്ത് കത്തനാര്‍ എന്നതാണ് തന്റെ മേല്‍വിലാസമെന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നുവെന്നും പ്രകാശ് പോള്‍ പറയുന്നു. വരാനിരിക്കുന്ന സീരിയല്‍ ആളുകള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇന്നും ആളുകള്‍ എന്നെ തിരിച്ചറിയുന്നു എന്നത് വലിയ കാര്യമാണ്. ഇപ്പോഴും കടമറ്റത്ത് കത്തനാര്‍ എന്നതാണ് എന്റെ മേല്‍വിലാസം. അത് ഒരു സന്തോഷമുള്ള കാര്യമാണ്. കത്തനാര്‍ വീണ്ടും തിരിച്ചു വരികയാണ്. പക്ഷെ പൂര്‍ണരൂപത്തില്‍ പറയാന്‍ ആയിട്ടില്ല. എങ്കിലും ആ പഴയ കത്തനാരല്ലെന്ന് പറയാന്‍ സാധിക്കും. അതിന്റെ ബാക്കിയായിട്ടല്ല നമ്മള്‍ ഇത് ചെയ്യുന്നത്. കുറച്ചു കൂടെ പ്രായമായ, ഈ കാലഘട്ടത്തിലേക്ക് മടങ്ങി വരുന്ന കത്തനാറാണ്.

Also Read: സുരേഷ് ഗോപിക്ക് പകരം മോഹന്‍ലാലിനെ കൊണ്ടുവരാന്‍ അവര്‍ പറഞ്ഞതോടെ പ്രൊഡ്യൂസര്‍ ഞെട്ടി: സാബു സര്‍ഗം

450 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന കത്തനാരാണ്. സിനിമയായിട്ടല്ല വരുന്നത് സീരിയലായാണ്. ഈ സമയത്ത് സീരിയലുകള്‍ ആളുകള്‍ ഏറ്റെടുക്കുമോയെന്ന് ചോദിച്ചാല്‍ കത്തനാര്‍ ഏറ്റെടുക്കുമെന്നുള്ളതിന് എനിക്ക് പ്രതീക്ഷ നല്‍കുന്നത് ഒറ്റ കാര്യമാണ്, മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ഏഷ്യാനെറ്റ് പ്ലസില്‍ എല്ലാ വര്‍ഷവും റീ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. അതിന് ഇപ്പോഴും നല്ല വ്യൂവര്‍ഷിപ്പുണ്ട്,’ പ്രകാശ് പോള്‍ പറഞ്ഞു.


Content Highlight: Prakash Paul Talks About How He Act Kadamattath Kathanar

We use cookies to give you the best possible experience. Learn more