ഏഷ്യാനെറ്റില്‍ 2004 മുതല്‍ 2005 വരെ സംപ്രേഷണം ചെയ്തിരുന്ന സീരിയലാണ് കടമറ്റത്ത് കത്തനാര്‍. മലയാളികള്‍ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന സീരിയലുകളില്‍ ഒന്നാണ് ഇത്. കടമറ്റത്ത് കത്തനാരിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് പ്രകാശ് പോള്‍. ഇന്നും കത്തനാരെന്ന് പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ വരിക ഈ നടനെയാണ്.
കടമറ്റത്ത് കത്തനാര്‍ തിരിച്ചെത്തുന്നു എന്നത് ഈയിടെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വരാനിരിക്കുന്ന സീരിയലിനെ കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് പോള്‍. ഇപ്പോഴും കടമറ്റത്ത് കത്തനാര്‍ എന്നതാണ് തന്റെ മേല്‍വിലാസമെന്നും ആളുകള്‍ തന്നെ തിരിച്ചറിയുന്നുവെന്നും താരം പറയുന്നു.
‘ഇന്നും ആളുകള്‍ എന്നെ തിരിച്ചറിയുന്നു എന്നത് വലിയ കാര്യമാണ്. ഇപ്പോഴും കടമറ്റത്ത് കത്തനാര്‍ എന്നതാണ് എന്റെ മേല്‍വിലാസം. അത് ഒരു സന്തോഷമുള്ള കാര്യമാണ്. കത്തനാര്‍ വീണ്ടും തിരിച്ചു വരികയാണ്. പക്ഷെ പൂര്‍ണരൂപത്തില്‍ പറയാന്‍ ആയിട്ടില്ല. എങ്കിലും ആ പഴയ കത്തനാരല്ലെന്ന് പറയാന്‍ സാധിക്കും. അതിന്റെ ബാക്കിയായിട്ടല്ല നമ്മള്‍ ഇത് ചെയ്യുന്നത്. കുറച്ചു കൂടെ പ്രായമായ, ഈ കാലഘട്ടത്തിലേക്ക് മടങ്ങി വരുന്ന കത്തനാറാണ്.
450 വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന കത്തനാരാണ്. സിനിമയായിട്ടല്ല വരുന്നത് സീരിയലായാണ്. ഈ സമയത്ത് സീരിയലുകള്‍ ആളുകള്‍ ഏറ്റെടുക്കുമോയെന്ന് ചോദിച്ചാല്‍ കത്തനാര്‍ ഏറ്റെടുക്കുമെന്നുള്ളതിന് എനിക്ക് പ്രതീക്ഷ നല്‍കുന്നത് ഒറ്റ കാര്യമാണ്, മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ഏഷ്യാനെറ്റ് പ്ലസില്‍ എല്ലാ വര്‍ഷവും റീ ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. അതിന് ഇപ്പോഴും നല്ല വ്യൂവര്‍ഷിപ്പുണ്ട്,’ പ്രകാശ് പോള്‍ പറഞ്ഞു.
Content Highlight: Prakash Paul Says People Will Take On New Kadamattathu Kathanar