കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം
എനിക്ക് ആദ്യമായി കിട്ടിയ ക്യാമറ സുഹൃത്തുക്കള്‍ സമ്മാനിച്ച ഫിലിം ഫോര്‍മാറ്റിലുള്ള നിക്കോണ്‍ എഫ്.എം 3എ എസ്.എല്‍.ആര്‍ ക്യാമറയാണ്. ക്യാമറ കൈയ്യില്‍ കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ് ഔപചാരികതകള്‍ ഇല്ലാത്ത എന്റെ യാത്രകള്‍. യാത്രകള്‍ പലപ്പോഴും അവസാനിക്കുക ഏതെങ്കിലും ഉത്സവപ്പറമ്പുകളിലായിരിക്കും. അതുകൊണ്ട് തന്നെ ക്യാമറയില്‍ പതിയുക പലപ്പോഴും അനുഷ്ഠാന കലകളോ നാടന്‍ കലകളോ ആണ്.
ഇങ്ങനെ എത്തിപ്പെട്ട ഇടങ്ങളില്‍ ചിലതാണ് നെന്മാറ വല്ലങ്ങി വേല, ചെനക്കത്തൂര്‍ പൂരം, തൃശൂര്‍ പൂരം, കടമ്മനിട്ട പടയണി, ആറന്മുള വള്ള സദ്യ തുടങ്ങിയവ. ഗോപിയാശാന്റെയും കോട്ടക്കല്‍ ശിവരാമന്റെയും വേഷപ്പൊലിമക്ക് മുമ്പില്‍ എത്രയോ രാത്രികള്‍ ഉറക്കമൊഴിഞ്ഞിട്ടുണ്ട്.[]
പല്ലാവൂരിന്റെയും മട്ടന്നൂരിന്റെയും പെരുവനം കുട്ടന്‍മാരാരുടെയും മേള സൗന്ദര്യത്തിന് മുമ്പില്‍ ക്യാമറ തൊടാതെ മിഴിച്ച് നിന്നിട്ടുണ്ട്. ചെറിയൊരു ആള്‍കൂട്ടത്തിന് മുമ്പില്‍ പല്ലാവൂര്‍ അപ്പുമാരാര്‍ ഇടക്കയില്‍ വായിച്ച തെച്ചിമാന്ദാരം തുളസി… ഇപ്പോഴും മനസ്സിലുണ്ട്. സമാനതകളില്ലാത്ത രംഗഭാഷയാണ് ഇവരുടെതെല്ലാം. ഫോട്ടോഗ്രാഫിയുടെ സാങ്കേതികതക്കപ്പുറം മനസ്സിനെ ഉന്മത്തമാക്കുന്ന ഭാവരസങ്ങള്‍.
ഇരുട്ടും വെളിച്ചവും നേര്‍ത്ത തിരശ്ശീല വിരിക്കുന്ന അരങ്ങില്‍ നിന്ന് പകര്‍ത്തിയത് എണ്ണമറ്റ ചിത്രങ്ങളാണ്. ഓരോ ദേശത്തിന്റെയും ചരിത്ര വായനകൂടിയാണ് ഈ അരങ്ങുകളും ഫോട്ടോഗ്രാഫുകളും. അരങ്ങിന്റെ ആരവങ്ങള്‍ക്ക് മനസ്സ് കൊടുക്കാതെ ഏകാന്തനായി വിമര്‍ശനാത്മകമായി അരങ്ങിനെ സമീപിച്ചാല്‍ മാത്രമേ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും അദൃശ്യസാന്നിദ്ധ്യത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ പറ്റൂ.
പ്രകാശത്തിന്റെ ഉറവിടം എവിടെ നിന്ന് എന്ന് കണ്ടെത്തി വേണം ഫ്രെയിം സെറ്റ് ചെയ്യാന്‍. അരങ്ങിലെ ചിത്രങ്ങള്‍ കഴിവതും ലാന്റ്‌സ്‌കേപ്പ് മോഡില്‍ ചിത്രീകരിച്ചാല്‍ മാത്രമേ കാഴ്ച്ചക്കാരനെ സ്പര്‍ശിക്കൂ. ഓരോ അരങ്ങും ഇരുട്ടില്‍ വിരിയുന്ന കവിതയാണ്. അതുകൊണ്ടാണ് അരങ്ങ് ഊര്‍ജമാണെന്ന് പറയുന്നത്.
അരങ്ങിലെ കാഴ്ച്ച ഒരു ഫോട്ടോഗ്രാഫറെ വല്ലാതെ പ്രലോഭിപ്പിക്കും. ദൃശ്യ വിസ്മയത്തിന്റെ ചലനാത്മകതയെ അതിന്റെ ഏറ്റവും സൂക്ഷ്മമായ നിശ്ചലാവസ്ഥയില്‍ ഒന്ന് നിര്‍ത്തുക എന്ന ദൗത്യമാണ് ഒരു ഫോട്ടോഗ്രാഫര്‍ ഏറ്റെടുക്കേണ്ടത്. അരങ്ങിന്റെ തീവ്രതയും മൂഡും നിലനിര്‍ത്തിക്കൊണ്ടു തന്നെ വളരെ ചലനാത്മകമായ ഒരു അനുഷ്ഠാന കലയെ അതിന്റെ നൈമിഷികമായ നിശ്ചലതയില്‍ ഫ്രെയിമിലാക്കിയതാണ് ഈ ചിത്രങ്ങള്‍.
ഒരു ഫോട്ടോഗ്രാഫിന് വേണ്ടിയുള്ള യാത്രകളും കാത്തിരിപ്പും ഉറക്കമൊഴിപ്പും ആണ് ഏതൊരു ഫോട്ടോഗ്രാഫറുടെയും ജീവിതത്തിന്റെ അടയാളപ്പെടുത്തല്‍.
Phone: +91 9895 238 108
പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:
ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം
തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്