| Tuesday, 21st August 2012, 4:47 pm

മാഗസിന്‍ ഡിസൈനിങ്ങിലെ പെണ്‍ശോഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിചിത്രമായ യാത്രകളുടെയും അന്വേഷണങ്ങളുടെയും പേരാണ് ജീവിതമെങ്കില്‍, ആ ജീവിതത്തെ ശോഭ മാഗ്‌നറ്റ് എന്ന് വിളിക്കാം.

കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം

ഓര്‍മ്മയിലിതുവരെ കര്‍ക്കിടകത്തില്‍ ഇങ്ങനെ വെയില്‍ പെയ്തിട്ടില്ല. മഴചിത്രങ്ങള്‍ പകര്‍ത്താന്‍ വയനാട്ടിലേക്ക് പോകാന്‍ തയ്യാറായതിന്റെ തലേദിവസമാണ് സുഹൃത്ത് വിളിച്ച് പറഞ്ഞത് നാട്ടിലെ പൊടിമഴ പോലും ഇവിടെയില്ലെന്ന്. മലയോരത്തെ വീട്ടില്‍ നിന്ന് സുഹൃത്ത് രജിത രവി മഴക്കഥകള്‍ പറഞ്ഞ് വിളിക്കുമ്പോള്‍ പലപ്പോഴും കൊതി തോന്നിയിട്ടുണ്ട് മഴ നനയാന്‍. കര്‍ക്കിടകത്തിലെ കറുത്ത് നനഞ്ഞ പകലും രാത്രിയും ഇനി തിരിച്ചുകിട്ടില്ലെ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഏഴിമലയില്‍ നിന്ന് കാറ്റിനൊപ്പം ചാറ്റലായി എത്തിയ മഴ നാല് ദിവത്തോളം തിമിര്‍ത്ത് പെയ്തത്. മഴപെയ്തില്‍ ഒന്നും ചെയ്യാനില്ലാത്തപ്പോഴാണ് മഴതണുപ്പറിഞ്ഞ് നഗരത്തിലേക്ക് നടന്നത്.[]

മാധ്യമം ഓഫീസ്, കോഫി ഹൗസ്, രാകേഷിന്റെ ആപ്പിള്‍ സ്റ്റുഡിയോ, ശോഭയുടെ മാഗ്‌നറ്റ് ഗ്രാഫിക്‌സ് ഇത്രയുമാണ് നഗരത്തിലെ ഇടത്താവളങ്ങള്‍. ശോഭ കമ്പ്യൂട്ടറിന് മുന്നില്‍ തിരക്കിലാണ്. ചുറ്റിലും കുറേ കുട്ടികള്‍. ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കാത്ത ഒരു പെണ്‍കുട്ടിയെയാണ് കാലിഡോസ്‌കോപ്പിന്റെ ഈ എപ്പിസോഡില്‍ എന്റെ ക്യാമറ ഫോക്കസ് ചെയ്യുന്നത്. ശോഭക്ക് അരികിലായി പയ്യന്നൂര്‍ കോളേജിലെ ആദ്യ പെണ്‍ എഡിറ്റര്‍ മൃദുല ഭവാനി. ഇലക്ഷന് മുമ്പ് മാഗസിന്‍ ഇറക്കേണ്ടതിന്റെ തത്രപ്പാടിലും ആകാംക്ഷയിലുമാണ് അവള്‍. കുറ്റിപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പല കോളേജുകളും മാഗസിന്‍ ഡിസൈന്‍ ചെയ്യാന്‍ എത്തുന്നത് പയ്യന്നൂരിലെ ശോഭയുടെ ഈ ഒറ്റമുറിയിലാണ്.

ട്രപ്പീസ് പോലെ ജീവിതം മുന്നില്‍ നില്‍ക്കെ കുറേ തൊഴിലെടുത്ത ശേഷമാണ് ഈ പെണ്‍കുട്ടി കമ്പ്യൂട്ടര്‍ കീയില്‍ വിരല്‍ തൊട്ടത്. ജില്ലാ ബാങ്കില്‍ നിന്നെടുത്ത എടുത്ത പൊന്താത്ത ലോണും കുറച്ച് സുഹൃത്തുക്കളും മനക്കരുത്തുമായിരുന്നു മൂലധനം. കമ്പ്യൂട്ടറില്‍ അക്ഷരങ്ങള്‍ പെറുക്കിവെച്ച് പതിയെ ജീവിതം നെയ്യാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി ഡിസൈന്‍ ചെയ്ത മാഗസിന് തന്നെ സംസ്ഥാന തലത്തിലുള്ള പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ഡിസൈന്‍ ചെയ്ത മാഗസിനുകള്‍ക്കെല്ലാം മികച്ച കോളേജ് മാഗസിനുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പലതവണ ലഭിച്ചു. ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ വര്‍ഷത്തെ പയ്യന്നൂര്‍ കോളേജ് മാഗസിന് ലഭിച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാമ്പന്‍ മാധവന്‍ അവാര്‍ഡും കോഴിക്കോട് ബാങ്ക് മെന്‍സ് ക്ലബ്ബിന്റെ ബഷീര്‍ അവാര്‍ഡും ആണ്.

ഈ തിരക്കുകള്‍ക്കിടയിലും സ്വപ്‌നമായിരുന്ന ഫിലിം എഡിറ്റിങ് പഠിച്ചു. ആദ്യമായി എഡിറ്റിംഗ് നിര്‍വഹിച്ചത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം. ശോഭയുടെ അലമാരയില്‍ പുരസ്‌കാരങ്ങള്‍ക്കൊപ്പം പുസ്തകങ്ങളും ലോക സിനിമകളുടെ അപൂര്‍വ്വ ശേഖരവുമുണ്ട്. വിചിത്രമായ യാത്രകളുടെയും അന്വേഷണങ്ങളുടെയും പേരാണ് ജീവിതമെങ്കില്‍, ആ ജീവിതത്തെ ശോഭ മാഗ്‌നറ്റ് എന്ന് വിളിക്കാം.

മഴത്തണുപ്പ് കുടഞ്ഞെറിയാന്‍ ഡേവിഡ് ചായയും ബോണ്ടയും കൊണ്ടുവന്നു. എല്ലാവരും ഉത്സാഹത്തിലായി. നന്നായി വായിക്കുന്ന, ചെറുകഥകളും കവിതകളും എഴുതുന്ന, ഫോട്ടോഗ്രാഫിയെ പ്രണയിക്കുന്ന, ഷോര്‍ട്ട് ഫിലിം ചെയ്യുന്ന, സിനിമ സ്വപ്‌നം കാണുന്ന കുറേ സൗഹൃദങ്ങള്‍ കൊണ്ട് സര്‍ഗാത്മകമാകുന്നു പയ്യന്നൂര്‍ നഗരത്തിലെ ശോഭയുടെ ഈ ഒറ്റമുറി. ഇരുട്ടുവീഴാന്‍ തുടങ്ങിയപ്പോള്‍ കുട്ടികള്‍ ലാസ്റ്റ് ബസ് തേടി സ്റ്റാന്റിലേക്ക് നടന്നു. ശോഭ അപ്പോഴും കമ്പ്യൂട്ടറിന് മുന്നിലിരുന്ന് അക്ഷരങ്ങളും ചിത്രങ്ങളും പെറുക്കി വെക്കുകയാണ്. ജീവിതം അനുസരണയുള്ള വളര്‍ത്തുനായയെ പോലെ പുറത്ത് കാവലിരിക്കുന്നു.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്

We use cookies to give you the best possible experience. Learn more