ഒറ്റമുറി ലായത്തിനപ്പുറം ജീവിതത്തിന്റെ നിറങ്ങള്‍ ഇവരറിയുന്നില്ല. ഒറ്റമുറിയുടെ വിശാലതയില്‍ തളച്ചിട്ടതാണ് ഇവരുടെ ലൈംഗികത പോലും.
കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം
രാജാമലയില്‍ നിന്നുള്ള മടക്കയാത്രയിലാണ് ഞങ്ങള്‍. ഉച്ചകഴിയാറായത് കൊണ്ട് കത്തിയാളുന്ന വിശപ്പുണ്ട്. ബസ്സിന് എന്തോ തകരാറായത് കൊണ്ട് റോഡരികിലായി നിര്‍ത്തിയിട്ടു. ചെങ്കുത്തായ കയറ്റിറക്കങ്ങളിലൂടെ അതിവേഗത്തില്‍ പായുന്ന ബസുകളും ചരക്ക് വണ്ടികളും. പൊടിമഞ്ഞും മഴയുമുണ്ട്. ഞാന്‍ സ്വെറ്റര്‍ അഴിച്ചെടുത്ത് ക്യാമറ പൊതിഞ്ഞു. []
റോഡരികിലുള്ള ചെറിയ മരങ്ങളില്‍ നിന്ന് കാറ്റില്‍ ഉതിര്‍ന്ന് വീഴുന്ന ചുവന്ന പൂക്കള്‍. താഴ്‌വാരത്തില്‍ കുട്ടികള്‍ റഫ് ബുക്കില്‍ വരച്ചിട്ട സീനിയറി പോലെ ഒതുക്കി നിര്‍ത്തിയ തേയിലത്തോട്ടങ്ങള്‍. എസ് എന്നപോലെയുള്ള റോഡ് കയറിവരുന്ന ചരക്ക് വണ്ടിയും അതിന് പിന്നിലായി ട്രപ്പീസ് അഭ്യാസിയെപ്പോലെ തൂങ്ങി നില്‍ക്കുന്ന യാത്രക്കാരനിലും കണ്ണ് തൊട്ടു. സ്വെറ്റര്‍ മാറ്റി ക്യാമറയെടുത്തു. ഒന്നോ രണ്ടോ ക്ലിക്ക്, വണ്ടിയും യാത്രക്കാരനും മഞ്ഞില്‍ മാഞ്ഞില്ലാതായി.
സ്വെറ്റര്‍ മാറ്റി ക്യാമറയെടുത്തു. ഒന്നോ രണ്ടോ ക്ലിക്ക്, വണ്ടിയും യാത്രക്കാരനും മഞ്ഞില്‍ മാഞ്ഞില്ലാതായി.
“തോട്ടം തൊഴിലാളിയാണ്. ഇവരുടെ ജീവിതം തന്നെ ഒരഭ്യാസമാണ്.” ഞങ്ങളുടെ ബസിന്റെ ഡ്രൈവര്‍ പറഞ്ഞു. ഏക്കര്‍ കണക്കിന് തോട്ടമുള്ള ചെറുകിട കര്‍ഷകര്‍ക്ക് പ്രബലരായ രാഷ്ട്രീയക്കാരുടെ പിന്തുണയുണ്ട്. തോട്ടം തൊഴിലാളിക്ക് സംഘടനയും രാഷ്ട്രീയവുമുണ്ടെങ്കിലും ദിവസ വേതനം 200 രൂപക്ക് താഴെയാണ്. പരിമിതമായ യാത്രാസൗകര്യങ്ങളും ദാരിദ്ര്യവും കാരണം ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എല്‍.പി സ്‌കൂളിനപ്പുറം പോകാറില്ല. ഈ തൊഴില്‍ മേഖലയില്‍ നിന്നും പിരിയുന്നവരുടെ സമ്പാദ്യം ഓട്ടക്കീശയും ആകാശത്തിന്റെ മേല്‍ക്കൂരയുമാണ്. പോകാനിടമില്ലാത്തത് കൊണ്ട് പരമ്പരാഗതമായി ഇവരുടെ കുട്ടികളും ഈ തൊഴില്‍ മേഖലയില്‍ തന്നെ എത്തുന്നു.
അതുകൊണ്ട് തന്നെ, ഒറ്റമുറി ലായത്തിനപ്പുറം ജീവിതത്തിന്റെ നിറങ്ങള്‍ ഇവരറിയുന്നില്ല. ഒറ്റമുറിയുടെ വിശാലതയില്‍ തളച്ചിട്ടതാണ് ഇവരുടെ ലൈംഗികത പോലും. ലൈംഗികത വലിയൊരു സാമൂഹ്യ പ്രശ്‌നമാണെങ്കിലും അത്തരത്തിലുള്ള ഗൗരവകരമായ സമീപനങ്ങളൊന്നും ഇവിടെ നിന്നും ഉണ്ടാകാറില്ല. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും മൂലം ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷണം നടക്കുന്ന തൊഴില്‍ മേഖലയാണ് ഇതെങ്കിലും ഒരു കൗണ്‍സിലിങ് സെന്റര്‍ പോലുമില്ല. ഇടയില്‍ വരുമ്പോള്‍ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ ജാഥയായെത്തുന്ന ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മുമ്പിലുള്ള ഇവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവര്‍ ഗസ്റ്റ് ഹൗസിലെത്തുന്നത് വരെയേ ആയുസ്സുള്ളൂ.
ഞങ്ങളുടെ ബസ് സ്റ്റാര്‍ട്ട് ചെയ്തു. ബസ്സിറങ്ങി വാങ്ങിയ ഇളനീരിലും കാരറ്റിലും വിശപ്പൊതുക്കി. മഴയില്‍ നനഞ്ഞ് കുതിര്‍ന്ന നാട്ടുപൂക്കളെ കൊണ്ട് അമ്മയിട്ട പൂക്കളമാണ് ഓണനാളിലെ ആദ്യ കാഴ്ച്ച. പിന്നാലെ ഓണത്താറ് വരും. ഇന്ന് പൂക്കളമിടാന്‍ നാട്ടുപൂക്കളില്ല. ഒരു പക്ഷേ ഓണത്താറും വരില്ല. ചരക്ക് വണ്ടിക്കൊപ്പം മഞ്ഞില്‍ മാഞ്ഞില്ലാതായ തോട്ടം തൊഴിലാളിക്ക് ഓണമുണ്ടാകുമോ…? അറിയില്ല… ഇരയുടെ അശാന്തിയോടെ..
ജീവിതം തുഴയുന്നവര്‍ക്ക് ഓണം സ്വപ്‌നമാണ്, കേള്‍ക്കാന്‍ ഇഷ്ടമുള്ള നല്ല ഒരു കഥയാണ്.
Phone: +91 9895 238 108
പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:
ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം
തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്