മൂര്‍ച്ചയും മുതിര്‍ച്ചയുമുള്ള കാരമുള്ളുകള്‍ തുളഞ്ഞ് കയറിയ കടച്ചിലെടുക്കുന്ന ദുര്‍ബല ശരീരവും നിസ്സഹായമായ കണ്ണുകളും മനസ്സ് വിടുന്നില്ല
കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം
പയ്യന്നൂരില്‍ നിന്ന് ഞാന്‍ കയറിയ ബസ് ഗ്രാമപ്രദേശങ്ങളിലൂടെ ഇഴഞ്ഞിഴഞ്ഞ് യാത്ര ചെയ്തത് കൊണ്ട് ഏറെ സമയമെടുത്തു കരുവാത്തോടെത്താന്‍. തിരക്കില്ലാത്ത ഒരു കവലയില്‍ ബസ് നിന്നു. ആളുകള്‍ ഇറങ്ങിയപ്പോള്‍ ബസ് കാലിയായി. കാരഗുളികന്‍ ദേവസ്ഥാനം ആരോടും അന്വേഷിക്കേണ്ടി വന്നില്ല. ബസ്സിലുള്ളവരില്‍ ഏറേയും അങ്ങോട്ടേക്കാണ്. അടുത്ത് കണ്ട പീടികയില്‍ കയറി സംഭാരം കുടിച്ചു. ചുട്ടുപൊള്ളുന്ന ടാര്‍ റോഡിന് ചുറ്റും വെളിമ്പ്രദേശമാണ്.
മൊട്ടപ്പാറയില്‍ മീനവെയിലിന്റെ പുളപ്പ്. പാറപ്രദേശത്തെ ചാലിട്ട വഴികളിലൂടെ ഒഴുകുന്ന ആള്‍ക്കൂട്ടം. കാസര്‍ഗോഡ് ജില്ലയിലെ വലിയപൊയിലിലെ കാരത്തോടാണ് കാരക്കുളിയന് ഒരു സ്ഥാനമുള്ളത്. വിശാലമായ ചെങ്കല്‍പാറപ്പുറത്താണ് കാരക്കുളിയന്‍ ദേവസ്ഥാനം. ചെറിയൊരു കോണ്‍ക്രീറ്റമ്പലവും കല്‍മതിലും മുന്നിലായി ഓലപ്പന്തലും. ചുറ്റിലും കാരപ്പടപ്പുകള്‍. ദൂരെയായി പറിങ്കിമാവിന്‍ത്തോട്ടം. കാരപ്പടപ്പുകളില്‍ കാരമുള്ളിന്റെ വലിയ തെഴുപ്പുകള്‍ കണ്ടു, എഴുന്നു നില്‍ക്കുന്ന മുള്ളുകള്‍.[]
ഉന്മട്ടക്കുളിയന്‍, മാരണക്കുളിയന്‍, ഉവ്വാര്‍ക്കുളിയന്‍, അകനാള്‍ക്കുളിയന്‍, മാരിക്കുളിയന്‍, മാമായക്കുളിയന്‍ എന്നിങ്ങനെ ഗുളികന്റെ വ്യത്യസ്ത കോലങ്ങളില്‍ ഏറ്റവും അപൂര്‍വ്വമായ ഒന്നാണ് കാരക്കുളിയന്‍.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ദൂരേക്ക് മാറി പറിങ്കിമാവിന്‍ തണലില്‍ നിന്നു. പരിചിതമായ മുഖങ്ങളൊന്നുമില്ല. പാറപ്രദേശത്തെ വെയിലറിഞ്ഞ് വളര്‍ന്ന നാട്ടുകാര്‍ക്ക് മീന വെയിലിന്റെ കാഠിന്യം ബാധിക്കുന്നില്ല. ചെണ്ട കൊട്ടാന്‍ തുടങ്ങാന്‍ തുടങ്ങിയപ്പോള്‍ ദേവസ്ഥാനത്തിനടുത്തേക്ക് നടന്നു. അകത്ത് ഫോട്ടോഗ്രാഫ് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് കണ്ടത് കൊണ്ട് പുറത്ത് നിന്ന് ചിത്രങ്ങളെടുത്തു.
മതിലിന് പുറത്തേക്ക് അലസചലനങ്ങളോടെ വന്ന കാരക്കുളിയന്‍ ദേവസ്ഥാനത്തിന് മുന്നിലായി കുറച്ച് താഴ്ച്ചയിലുള്ള കാരപ്പടര്‍പ്പിലേക്ക് വീണു. തുടര്‍ന്ന്, വെയില്‍ തിളപ്പില്‍ കുളിച്ച് നില്‍ക്കുന്ന കാരപ്പടര്‍പ്പുകളിലേക്ക് തിരിയോലയുടെ ഉടല്‍ ആഞ്ഞ് വിണ് കൊണ്ടിരുന്നു. കാഴ്ചക്കാര്‍ വല്ലാത്തൊരു ലഹരിയിലാണ്. കാരക്കുളിയനെ മുള്‍പ്പടപ്പുകളില്‍ നിന്ന് വലിച്ച് കയറ്റാന്‍ നന്നെ ആയാസപ്പെടുന്നുണ്ട് സഹായികള്‍. ആത്മപീഡനത്തിന്റെ വേലിയേറ്റത്തിലും നിസ്സംഗമാണ് ആ കണ്ണുകള്‍.
സഹായികളുടെ കരുത്തില്‍ നിന്നും ഓടി മൂര്‍ച്ചയും മുതിര്‍ച്ചയുമുള്ള മുള്ളുകളില്‍ പിന്നെയും പിന്നെയും ആഞ്ഞ് പതിക്കുന്ന തിരിയോലയുടെ ഉടല്‍ എന്റെ ക്യാമറയ്ക്ക് വിരുന്നായി. ദൈവത്തിലേക്കുള്ള യാത്ര കഠിനമാണ് എന്ന് വിളിച്ച് പറയുന്നു കാരക്കുളിയന്റെ ശരീരത്തില്‍ തറച്ച് കയറിയ മുള്ളുകളും ചോരപ്പാടുകളും. കാഴ്ചക്കാരായ ആള്‍ക്കൂട്ടം അന്നദാനം കഴിക്കാനുള്ള ക്യൂവായി മാറിയിരുന്നു.
ഉച്ചവെയിലിന്റെ തീച്ചൂട് മാഞ്ഞിട്ടില്ല. വെയിലിന്റെ ഓളങ്ങള്‍ക്കിടയിലൂടെ ദൂരെ കാരക്കുളിയന്‍ ദേവസ്ഥാനത്തിന്റെ മങ്ങിയ കാഴ്ച. മൂര്‍ച്ചയും മുതിര്‍ച്ചയുമുള്ള കാരമുള്ളുകള്‍ തുളഞ്ഞ് കയറിയ കടച്ചിലെടുക്കുന്ന ദുര്‍ബല ശരീരവും നിസ്സഹായമായ കണ്ണുകളും മനസ്സ് വിടുന്നില്ല.
Phone: +91 9895 238 108
പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:
ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം
തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്