| Monday, 1st January 2018, 1:29 pm

'കോണ്‍ഗ്രസ്സിനെക്കാള്‍ അപകടകാരിയാണ് ബി.ജെ.പി;ആര്‍.എസ്.എസും, ബിജെപിയും മുഖ്യശത്രുക്കള്‍': പ്രകാശ് കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

“കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പിയുടെയും അടിസ്ഥാനസ്വഭാവം ഒന്നുതന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസ്സിനെക്കാള്‍ അപകടകാരിയാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ ബി.ജെ.പി-കോണ്‍ഗ്രസ്സ് മത്സരം നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയവിടങ്ങളില്‍ കുറച്ച് സീറ്റുകളില്‍ മാത്രമേ മത്സരിക്കുള്ളു. വിജയമല്ല മറിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം”. എന്നാണ് അദ്ദേഹം പറഞ്ഞത്.

ബി.ജെ.പിക്ക് സ്വാധീനമുള്ള കര്‍ണ്ണാടകയില്‍ ബി.ജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പരമാവധി  പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് ന്റെ മതനിലപാടുകളെ ചെറുക്കാന്‍ മതേതര കക്ഷികളുടെ വിശാല ഐക്യം രൂപീകരിക്കും. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാതെ തന്നെ ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

സി.പി.ഐ.എമ്മിനും കോണ്‍ഗ്രസ്സിനും ഒരേ സഖ്യം രൂപികരിക്കാന്‍ കഴിയുമെന്ന ധാരണ തെറ്റാണ്. അതുകൊണ്ടാണ് ബിഹാറിലെ മഹാസഖ്യത്തെ സംശയത്തോടെ സമീപിച്ചത്. ബി.ജെ.പിക്ക് ബദലായി കൃത്യമായ നയപരിപാടി രൂപികരിച്ച് മാത്രമേ ശക്തമായ പ്രതിപക്ഷമാകാന്‍ സാധിക്കയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കണമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. ഹൈദരാബാദില്‍ വച്ച് ഇത്തവണ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇതുസംബന്ധിച്ച നയപ്രഖ്യാപനം നടത്താനിരിക്കെയാണ് പ്രകാശ് കാരാട്ട് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more