| Sunday, 18th November 2012, 9:25 am

മുസ് ലിം വേട്ടയുടെ ഇരകള്‍ സി.പി.ഐ.എമ്മിനൊപ്പം രാഷ്ട്രപതി ഭവനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീകരവിരുദ്ധ വേട്ടയുടെ പേരില്‍ മുസ് ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കി വര്‍ഷങ്ങളോളം ജയിലിലിടുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം പ്രതിനിധി സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. മുസ് ലിം വേട്ടയുടെ ഇരകള്‍ക്കൊപ്പമായിരുന്നു പ്രതിനിധി സംഘം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലെത്തി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. []

തീവ്രവാദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും എട്ടുമുതല്‍ 14 വര്‍ഷം വരെ നീണ്ട ജയില്‍വാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വിട്ടയക്കുകയും ചെയ്ത ദല്‍ഹി സ്വദേശി മുഹമ്മദ് ആമിര്‍, ശ്രീനഗര്‍ സ്വദേശി സയ്യിദ് മഖ്ബൂല്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ വാസിഫ് ഹൈദര്‍, മുംതാസ് അഹമ്മദ് എന്നിവരായിരുന്നു സി.പി.ഐ.എം നേതൃത്വത്തിന് ഒപ്പം രാഷ്ട്രപതിയെ കണ്ടത്. 18- 19 വയസ്സുള്ളപ്പോഴാണ് ഇവരെല്ലാം അറസ്റ്റുചെയ്യപ്പെട്ടത്.

അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ കഴിയുകയും കോടതി വെറുതെ വിടുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുക, കള്ളക്കേസുകളെടുക്കുന്ന പോലീസ്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക,  ഇത്തരം കേസുകളില്‍ വിചാരണയ്ക്ക് അതിവേഗ കോടതികള്‍ സ്ഥാപിക്കുകയും ഒരുവര്‍ഷത്തിനകം തീര്‍പ്പുണ്ടാക്കുകയും ചെയ്യുക.  നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമത്തിലെ മനുഷ്യാവകാശവിരുദ്ധവുമായ വകുപ്പുകള്‍ മാറ്റി നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രതിനിധി സംഘം രാഷ്ട്രപതിക്ക് മുന്നില്‍ ഉന്നയിച്ചു.

അന്യായമായ രീതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് നിരവധി പേര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുകയാണ്. വിവിധ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി മുസ് ലിം യുവാക്കളെ തെളിവില്ലാതെ അറസ്റ്റുചെയ്ത് വര്‍ഷങ്ങളോളം ജയിലിലിടുകയാണ്. 14 വര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നിരപരാധിയെന്ന് ബോധ്യപ്പെട്ട് കോടതി വെറുതെവിട്ട കേസുകളുണ്ടെന്നും സി.പി.ഐ.എം പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.

തീവ്രവാദ ആക്രമണം നടത്തുന്നവരോട് ദാക്ഷിണ്യം കാണിക്കരുത്. എന്നാല്‍, നിരപരാധികളെ അറസ്റ്റുചെയ്യുന്നത് ഗൗരവതരമായ പ്രശ്‌നമാണ്‌

യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനുപകരം ആരെയെങ്കിലും അറസ്റ്റുചെയ്ത് കടമ നിര്‍വഹിച്ചുവെന്ന് വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. അങ്ങിനെയാണ്
നിരപരാധികള്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇവര്‍ക്ക് ജാമ്യത്തിന്റെ ആനുകൂല്യം പോലും നിഷേധിക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന നിരപരാധികളുടെ ജോലിയും കുടുംബവും തകരുമ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്നു.

തീവ്രവാദ കേസുകളില്‍ പോലീസ് മുന്‍വിധിയോടെയാണ് പെരുമാറുന്നത്. മുസ് ലിം യുവാക്കള്‍ അനായാസം ഇരകളാക്കപ്പെടുന്നത് സമുദായത്തിലാകെ ഭീതി വിതച്ചിരിക്കുന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കേണ്ടിവന്ന പോട്ട, ടാഡ എന്നീ കരിനിയമങ്ങളിലെ കടുത്ത വ്യവസ്ഥകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലൂടെ(യു.എ.പി.എ) തിരികെ കൊണ്ടു വരികയാണ്.  ഈ നിയമമാണ് മുസ് ലിം യുവാക്കള്‍ക്ക് സാമാന്യനീതി നിഷേധിക്കാനായി ഉപയോഗിക്കുന്നത്. ഇങ്ങിനെ അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്ക് ജാമ്യവും സമയബന്ധിത വിചാരണയുമടക്കമുള്ള നിയമനടപടികള്‍ നിഷേധിക്കപ്പെടുന്നതായും പ്രകാശ് കാരാട്ട് പറഞ്ഞു.

തീവ്രവാദ ആക്രമണം നടത്തുന്നവരോട് ദാക്ഷിണ്യം കാണിക്കരുത്. എന്നാല്‍, നിരപരാധികളെ അറസ്റ്റുചെയ്യുന്നത് ഗൗരവതരമായ പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് യൂസുഫ് തരിഗാമി, സുഭാഷിണി അലി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബാ ഫാറൂഖി, എന്നിവരായിരുന്നു കാരാട്ടിനു പുറമേ പ്രതിനിധി സംഘത്തിലുണ്ടായിരുന്നവര്‍.

ഭീകരപ്രവര്‍ത്തനം ആരോപിച്ചു വിവിധ സംസ്ഥാനങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങളെ ചെറുക്കാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more