ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ലയെന്ന് പറഞ്ഞിട്ടില്ല: മാധ്യമം അഭിമുഖത്തിലെ പരാമര്‍ശം നിഷേധിച്ച് പ്രകാശ് കാരാട്ട്
National Politics
ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ലയെന്ന് പറഞ്ഞിട്ടില്ല: മാധ്യമം അഭിമുഖത്തിലെ പരാമര്‍ശം നിഷേധിച്ച് പ്രകാശ് കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th March 2018, 11:48 am

 

ന്യൂദല്‍ഹി: ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. “ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല” എന്ന മാധ്യമം അഭിമുഖത്തിലെ കാരാട്ടിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ സ്റ്റാന്‍ലി ജോണി ഇട്ട കുറിപ്പിനു മറുപടിയായി നല്‍കിയ ഇമെയില്‍ സന്ദേശത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍.എസ്.എസ് ഫാസിസ്റ്റിക് സംഘടനയാണ് എന്നാണ് താന്‍ പറഞ്ഞതെന്നും മാധ്യമത്തില്‍ ഇത് വസ്തുതാവിരുദ്ധമായി പ്രസിദ്ധീകരിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമാണ് ഇമെയില്‍ സന്ദേശത്തില്‍ കാരാട്ട് പറയുന്നത്. ഫാസിസ്റ്റിക് ട്രെന്റും ആക്രമണങ്ങളും ഫാസിസം ഇന്ത്യയില്‍ എത്തി എന്നര്‍ത്ഥമാക്കുന്നില്ല എന്നതായിരുന്നു ഞാന്‍ പറഞ്ഞ പോയിന്റെന്നും അദ്ദേഹം വിശദീകരിച്ചു.


Also Read: പ്രധാനമന്ത്രിയെ ‘മോദി’യെന്ന് അഭിസംബോധന ചെയ്തു; സൈനികന്റെ ശമ്പളം വെട്ടിക്കുറച്ചു


പ്രകാശ് കാരാട്ട് സ്റ്റാന്‍ലി ജോണിക്കയച്ച ഇമെയില്‍ സന്ദേശം:

പ്രിയ സ്റ്റാന്‍ലി ജോണി,

മാധ്യമത്തിലെ എന്റെ അഭിമുഖത്തെക്കുറിച്ചുള്ള നിങ്ങളുടെ എഫ്.ബി പോസ്റ്റ് ചിലര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിങ്ങളെപ്പോലെ തന്നെ ഞാനും അതിശയിച്ചുപോയി.

മാധ്യമം പതിപ്പ് ഞാന്‍ കണ്ടിരുന്നില്ല. അതില്‍ ഇങ്ങനെയാണ് വരേണ്ടിയിരുന്നത്: ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയാണ്. ബാക്കിയുള്ളവര്‍ അവരുടെ പിന്തുടര്‍ച്ചക്കാരും. ഫാസിസ്റ്റിക് ട്രെന്റും ആക്രമണങ്ങളും ഫാസിസം ഇന്ത്യയില്‍ എത്തി എന്നര്‍ത്ഥമാക്കുന്നില്ല എന്നതായിരുന്നു ഞാന്‍ പറഞ്ഞ പോയിന്റ്. ഭരണവര്‍ഗത്തിന് മറ്റുവഴിയൊന്നുമില്ല എന്നു തോന്നുമ്പോള്‍ മാത്രമാണ് അത് സംഭവിക്കുന്നത്.

മാധ്യമത്തോട് ഒരു വിശദീകരണം ചേര്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെടും.

എന്ന്
പ്രകാശ് കാരാട്ട്


Don”t  Miss:‘മാപ്പ്… ആ പോസ്റ്റിട്ടത് ഞാനല്ല’; പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് എച്ച്. രാജ


മാര്‍ച്ച് അഞ്ചിന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ കെ.എസ് ശ്രീജിത്തുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ആര്‍.എസ്.എസ് ഫാസിസ്റ്റിക് സംഘടനയല്ല എന്ന കാരാട്ടിന്റെ പരാമര്‍ശം വന്നത്. “ഇനി നിങ്ങള്‍ ഉന്നയിച്ച, ആര്‍.എസ്.എസിന് ഫാഷിസത്തിന്റേത് പോലുള്ള സ്വഭാവം അല്ലേ എന്ന ചോദ്യത്തിലേക്കു വരാം. ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല. ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള പ്രവര്‍ത്തനവും പ്രവണതയും നിലനില്‍ക്കുന്നുണ്ട്. കരട് പ്രമേയത്തില്‍ ഞങ്ങള്‍, ബുദ്ധീജീവികളെ ലക്ഷ്യംവെക്കുന്നതും കൊലപ്പെടുത്തുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കൊലചെയ്യുന്നു. ഇതെല്ലാം ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങളാണ്. ” എന്നായിരുന്നു മാധ്യമം പ്രസിദ്ധീകരിച്ച കാരാട്ടിന്റെ പരാമര്‍ശം.

ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല എന്ന കാരാട്ടിന്റെ പ്രഖ്യാപനം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് എന്ന് തെളിവുകള്‍ നിരത്തി ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാന്‍ലി ജോണിയുടെ വിമര്‍ശനം. പാര്‍ട്ടി പരിപാടിയിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം തന്റെ വാദം ഉയര്‍ത്തിയത്.

സ്റ്റാന്‍ലി ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യത്തിലേര്‍പ്പെടുത്തിനെതിരായ വാദങ്ങള്‍ എനിക്കു മനസിലാക്കാം. ഇപ്പോഴും ഇതൊരു ഫാഷിസ്റ്റ് രാജ്യമല്ലയെന്ന വാദവും എനിക്കു മനസിലാവും. പക്ഷേ മാധ്യമം ആഴ്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് ഒരുപടി കൂടി കടന്ന് വളരെ ഫ്രാങ്കായി ആര്‍.എസ്.എസിന് ഫാഷിസ്റ്റ് സ്വഭാവമില്ലെന്ന് പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഇതാണ് അദ്ദേഹം പറഞ്ഞത്:

“ഇനി നിങ്ങള്‍ ഉന്നയിച്ച, ആര്‍.എസ്.എസിന് ഫാസിസത്തിന്റേത് പോലുള്ള സ്വഭാവം അല്ലേ എന്ന ചോദ്യത്തിലേക്കു വരാം. ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല. ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള പ്രവര്‍ത്തനവും പ്രവണതയും നിലനില്‍ക്കുന്നുണ്ട്. കരട് പ്രമേയത്തില്‍ ഞങ്ങള്‍, ബുദ്ധീജീവികളെ ലക്ഷ്യംവെക്കുന്നതും കൊലപ്പെടുത്തുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കൊലചെയ്യുന്നു. ഇതെല്ലാം ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങളാണ്.

എല്ലാ വികസിത മുതലാളിത്ത സമൂഹങ്ങളിലും ഈ തരത്തിലുള്ള ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്. ഭരണവര്‍ഗം ഇതാണ് നമ്മുടെ ഭരണരീതിയെന്ന് പറഞ്ഞ് ഏറ്റെടുക്കുമ്പോഴാണ് ഇത് മൊത്തക്കച്ചവടമാകുന്നത്. അവരെക്കൂടാതെ ഇത് ഏറ്റെടുക്കുന്നവരാരും അധികകാലം നിലനില്‍ക്കില്ല……അതുകൊണ്ട് നമ്മുടെ രാജ്യത്ത് ഫാസിസത്തിന്റെ ഭീഷണിയുണ്ടാവാം. പക്ഷേ അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.”

ആര്‍.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല എന്ന പ്രഖ്യാപനം യഥാര്‍ത്ഥ്യത്തില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്. ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും സി.പി.ഐ.എം അവരുടെ പാര്‍ട്ടി പരിപാടിയില്‍ വ്യാഖ്യാനിച്ചതെങ്ങനെയെന്ന് ഞാന്‍ ഉദ്ധരിക്കാം.

5.7: ആര്‍.എസ്.എസ് നയിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് സഖ്യത്തിന്റെ വളര്‍ച്ചയോടെയും കേന്ദ്രത്തില്‍ അവര്‍ അധികാരം കൈയ്യടിക്കിയതോടെയും രാജ്യത്തെ മതേതര അടിത്തറയ്ക്കുള്ള ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തേയും ഭരണകൂടത്തേയും വിദ്യാഭ്യാസ വ്യവസ്ഥയേയും മാധ്യമങ്ങളേയും വര്‍ഗീയവത്കരിക്കാനുള്ള സിസ്റ്റമാറ്റിക്കായ പരിശ്രമം നടക്കുന്നുണ്ട്.

മതവര്‍ഗീയതയില്‍ അധിസ്ഥിതമായ ഫാഷിസ്റ്റ് ട്രെന്റെന്ന അപകടം ഇടംനേടിയെടുക്കുന്നുണ്ട്. അതിനെ എല്ലാ തലത്തിലും ശക്തമായി എതിരിടണം.


Also Read:  രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ എന്നെങ്കിലും രാജസ്ഥാന്‍ ഹൈക്കോടതയിലെ മനുവിന്റെ പ്രതിമ തകര്‍ക്കും: ജിഗ്നേഷ് മെവാനി


7.14 ഫാസിസ്റ്റിക് ആയ രാഷ്ട്രീയ സ്വയം സേവക് സംഘ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ബി.ജെ.പി ഒരു സാധാരണ ബൂര്‍ഷ്വാസി പാര്‍ട്ടിയല്ല. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോള്‍ രാജ്യാധികാരത്തിന്റെയും സ്റ്റേറ്റ് മെഷിനറികളുടെയും നിയന്ത്രണം ആര്‍.എസ്.എസിനു ലഭിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം പുനരുദ്ധാരണം പ്രോത്സാഹിപ്പിക്കുകയും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യംവെച്ച് ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തെ നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരം വര്‍ഗീയ കാഴ്ചപ്പാടുകള്‍ വ്യാപിക്കുന്നത് ന്യൂനപക്ഷ മൗലികവാദത്തിന്റെ വളര്‍ച്ചയിലേക്കു നയിക്കും. രാഷ്ട്രത്തിന്റെ മതേതര അടിത്തറയില്‍ ഇത് ഗുരുതരമായ പ്രതാഘാതങ്ങള്‍ സൃഷ്ടിക്കുകയും ഇടതുപക്ഷ, ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് എന്റെ പോയിന്റ് ഇതാണ്, നിങ്ങളുടെ സഖ്യം അല്ലെങ്കില്‍ അടവുനയവുമായി ബന്ധപ്പെട്ട വാദങ്ങളും സമ്മതങ്ങളും നിങ്ങള്‍ കെട്ടിപടുക്കൂ. എന്നാല്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപം കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുകയും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് ആര്‍.എസ്.എസ് ഫാഷിസ്റ്റ് അല്ലാതാവുക?