സി.പി.ഐ.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത് പ്രധാന ലക്ഷ്യം ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ്. അതും മതേതര- ജനാധിപത്യ സഖ്യം വഴി. എന്നാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ട എന്നും പറയുന്നു. ഇതില്‍ വലിയ വൈരുധ്യമുണ്ടല്ലോ?
ഒരു വൈരുധ്യവുമില്ല. തെരഞ്ഞെടുപ്പിനെ വേണ്ട വിധത്തില്‍ നിരീക്ഷിക്കുന്ന ജനങ്ങള്‍ക്ക് വ്യത്യസ്ത കക്ഷികളെ ഒന്നിച്ചുചേര്‍ക്കുന്നത് സംഖ്യകളുടെ കളിയായി തോന്നും. അവിടെയാണ് വൈരുധ്യം നിലനില്‍ക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ യുദ്ധമാണ്. ജനങ്ങളെ ഫലപ്രദമായി ബി.ജെ.പിയ്‌ക്കെതിരെ അണിനിരത്തുകയെന്നതാണ് കാര്യം. മോദി സര്‍ക്കാരിന്റെ സാമ്പത്തിക, സാമൂഹിക, വിദേശ നയങ്ങള്‍ക്കെതിരെയാണ് പോരാടേണ്ടത്. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെയെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ബാധിക്കുന്നു. ബി.ജെ.പിയ്ക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തികനയമാണ് കൈമുതലായുള്ളത്.
മറ്റൊരുതലത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസാണ് ഈ നയങ്ങളുടെ മാര്‍ഗദര്‍ശി. അങ്ങനെയിരിക്കെ ഈ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ ജനങ്ങളെ അണിനിരത്തുമ്പോള്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് ഞങ്ങളോടൊപ്പം കൂട്ടുകൂടാന്‍ കഴിയുക. രാഷ്ട്രീയ രേഖയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരാമാവധി വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഏറ്റവും വലിയ മതേതരകക്ഷിയായ കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാതെ ഇതെങ്ങനെ സാധ്യമാകും?
രാഷ്രീയ രേഖയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ രംഗത്തുള്ള നിരവധി കക്ഷികളുണ്ട്. എന്നാല്‍ ഞങ്ങളുടെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി എല്ലാവരുമായും സഖ്യം പ്രായോഗികമല്ല. ഇതൊരു പുതിയ കാര്യമല്ല. ബാബ്‌രി മസ്ജിദ് തകര്‍ന്നതിനുശേഷം 1993 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഭരണം നഷ്ടമായ സംസ്ഥാനങ്ങളുണ്ടായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ ഇതിനെക്കുറിച്ച് ആദ്യമായി ചര്‍ച്ച ചെയ്യുന്നത്. ഈ പാര്‍ട്ടിയാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നതിന് കാരണമായത്. പക്ഷെ ഞങ്ങള്‍ അന്നും കോണ്‍ഗ്രസുമായി ധാരണയൊന്നും ഉണ്ടാക്കിയില്ല. കുറച്ച് സീറ്റിലാണെങ്കിലും ഞങ്ങള്‍ക്ക് ശക്തിയുള്ള സീറ്റുകളില്‍ ബി.ജെ.പിക്കെതിരെ ശക്തമായി പ്രത്യക്ഷ മത്സരത്തിനിറങ്ങുക ബാക്കിയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ക്യാംപെയ്ന്‍ നടത്തുക എന്നതായിരുന്നു അന്നത്തെ തീരുമാനം.
അപ്പോള്‍ വീണ്ടും ഈ പദ്ധതിയാണോ നിങ്ങള്‍ ആലോചിക്കുന്നത്.?
അത് സാഹചര്യം ആശ്രയിച്ചിരിക്കും. അത്തരമൊരു കഠിനമായ തന്ത്രം ഇപ്പോള്‍ പ്രായോഗികമല്ല. ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്നുണ്ടല്ലോ… ആ സമയത്ത് ഞങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കും.
ഈ തന്ത്രം കോണ്‍ഗ്രസിനെ പരോക്ഷമായി സഹായിക്കില്ലേ?
ഇത് സഹായത്തിന്റെയോ നേട്ടത്തിന്റെയേ വിഷയമല്ല. സ്വതന്ത്രമായിത്തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ നയരേഖ. സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി കുറഞ്ഞുവരികയാണ്, തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നമ്മുടെ രാഷ്ട്രീയ സ്വാധീനം കെട്ടിപ്പടുക്കുന്നതില്‍ ഇടതുപക്ഷം പിറകോട്ട് പോയിരിക്കുന്നു.
ഇടത് ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ബദല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് കോണ്‍ഗ്രസ് ഇല്ലാതെ തന്നെയാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറ്റ് സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കും. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തിനായി ഞങ്ങള്‍ പരാമവധി മുന്നിട്ടിറങ്ങും.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബി.ജെ.പി വലിയതോതില്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങളിപ്പോഴും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയരേഖയില്‍ തന്നെ മുറുകെ പിടിച്ചിരിക്കുകയാണോ?
അടിസ്ഥാനപരമായി ഞങ്ങള്‍ അതിനെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പോരാട്ടമായാണ് കാണുന്നത്. അത് ഞങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കാര്യത്തിലും പ്രതിഫലിക്കും … ബി.ജെ.പി രാഷ്ട്രീയമായി ഏകീകരിക്കപ്പെട്ടതാണെന്ന് ഞങ്ങളുടെ പ്രമേയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് …സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രധാന ഊന്നല്‍ ഉണ്ടായിരിക്കുമെന്ന് ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.
ജനങ്ങളുടെ അസംതൃപ്തിയുടെ പ്രധാന കാരണമെന്താണ്.? എവിടെ നിന്നാണ് സമരങ്ങള്‍ തുടരേണ്ടത്.?
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ കര്‍ഷകര്‍ക്കിടയില്‍ അസംതൃപ്തിയുണ്ട് … ജനങ്ങള്‍ പുറത്തേക്ക് വന്ന് അവരുടെ ശബ്ദമുയര്‍ത്തണം. അതുവഴിയാണ് നമുക്ക് വിശാലമായ ഐക്യം പടുത്തുയര്‍ത്താന്‍ കഴിയുക … അവിടെ നാം ഒരു അതിര്‍വരമ്പും ഉണ്ടാക്കുന്നതല്ല. എല്ലാവര്‍ക്കും കൂടെ ചേരാവുന്നതാണ്.
മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ശക്തി വ്യാപിപ്പിക്കാന്‍ കഴിയാത്തത്.? ബംഗാളില്‍ പോലും കാലിടറുകയാണല്ലോ?
കഴിഞ്ഞ വര്‍ഷങ്ങളില്‍ ബംഗാളില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. പല സംസ്ഥാനങ്ങളിലും ബൂര്‍ഷ്വാ പാര്‍ടികളുമായും പ്രാദേശിക പാര്‍ട്ടികളുമായുള്ള ദീര്‍ഘകാല സഖ്യം നമ്മുടെ സ്വന്തം സ്വതന്ത്ര അടിത്തറയെ ഇല്ലാതാക്കി എന്നതാണ് ഞങ്ങളുടെ അവലോകനത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്.
നമ്മുടെ രാഷ്ട്രീയത്തില്‍ നമുക്ക് ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍, യുവാക്കള്‍ മറ്റ് പാര്‍ട്ടികളുമായി നമ്മളില്‍ വ്യത്യാസം കാണുന്നില്ല എങ്കില്‍ സ്വഭാവികമായി ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാതെ വരും.
പരസ്പര വൈരുധ്യം നിറഞ്ഞതാണ് നിങ്ങളുടെ നയരേഖ എന്ന് സി.പി.ഐ പറഞ്ഞല്ലോ?
ഞങ്ങള്‍ അവരുടെ നയരേഖയും കണ്ടിരുന്നു. അവരുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ അവസാന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ധാരണയില്‍ അവര്‍ക്ക് വ്യതിയാനം സംഭവിച്ചു. മതേതര ജനാധിപത്യ ശക്തിയ്ക്കുവേണ്ടിയാണ് അവരും നിലകൊള്ളുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെയും ഉള്‍പ്പെടുന്നുവെന്നു മാത്രം. ഞങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല. അവരുമായി സംസാരിച്ചുകഴിഞ്ഞതാണ്.
സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള അടിസ്ഥാന വ്യതിയാനങ്ങളില്‍ ഒന്ന് ഇതാണ്. അവര്‍ കോണ്‍ഗ്രസുമായി സഖ്യത്തിനാഗ്രഹിക്കുന്നു. ഞങ്ങള്‍ അതിന് തയ്യാറല്ല. ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും ഞങ്ങള്‍ യോജിച്ച് നില്‍ക്കാറുണ്ട്. കോണ്‍ഗ്രസ് സഖ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്തു സംഭവിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
2004 ലെ തെരഞ്ഞെടുപ്പ് പോലെ 2019 ല്‍ ഒരു തൂക്കു പാര്‍ലമെന്റിലെക്ക് പോകുകയാണെങ്കില്‍ നിങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ?
2004 ലെ സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ട് യാതൊരു കാര്യവുമില്ല. പ്രാഥമികമായി 2004 ലെ തെരഞ്ഞെടുപ്പ് വിജയം 2019 ല്‍ സി.പി.ഐ.എമ്മിന് ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. കേരളത്തില്‍ ആ സമയം ഞങ്ങള്‍ 20 ല്‍ 18 സീറ്റിലും വിജയിച്ചിരുന്നു.
എന്നാല്‍ 2019 ല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് പ്രവചിക്കാനാകില്ല. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ ഉണ്ടാകുമോ എന്ന ചോദ്യം 2004 ല്‍ ഉയര്‍ന്നുവന്നിരുന്നു. അതേ ചോദ്യം തന്നെയാണ് 2019 ലും ഉയരേണ്ടത്. അത് മനസിലാക്കിയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തിക്കുന്നതും.
പ്രദേശിക കക്ഷികളുമായി ദേശീയ സഖ്യത്തിനില്ലെന്നാണല്ലോ തീരുമാനം?
മുമ്പ് നിരവധി പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് ഒരു മൂന്നാം മുന്നണി ഉണ്ടാക്കാനായിരുന്നു സി.പി.ഐ.എം ശ്രമം. ഇത് വിജയകരമാകില്ലെന്ന് മനസിലായി. കാരണം ഓരോ കാലത്തും പ്രദേശിക കക്ഷികളുടെ നയം മാറിക്കൊണ്ടിരിക്കും. ഈ പാര്‍ട്ടികളെല്ലാം സംസ്ഥാനം കേന്ദ്രീകരിച്ച് മാത്രമാണ്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതുതന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. ഞങ്ങളുടെ നയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശിക കക്ഷികളെ ചേര്‍ത്തുനിര്‍ത്താനാണ് തീരുമാനം.
ബി.ജെപിയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവരും കോണ്‍ഗ്രസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ഉത്തര്‍പ്രദേശില്‍ നോക്കൂ.. കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പിയെ അവിടെ പ്രതിരോധിക്കുന്നത് എസ്.പിയും ബി.എസ്.പിയുമാണ്. എല്ലാ സംസ്ഥാനത്തും അത് മാറിക്കൊണ്ടിരിക്കുന്നു.
ഒരുപക്ഷെ സി.പി.ഐ.എം എസ്.പിയുമായി ഉത്തര്‍പ്രദേശില്‍ സഖ്യമുണ്ടാക്കുന്നുവെന്ന് കരുതുക. എസ്.പി അതേസമയം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാലോ?
ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ പ്രശ്‌നമാണ്. ആര്‍ക്കാണോ ബി.ജെ.പി പരാജയപ്പെടുന്നത് കാണേണ്ടത് അവര്‍ക്ക് എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നില്‍ക്കുന്നതാണ് ആവശ്യമാണ്. സി.പി.ഐ.എം ആരുമായും സഖ്യമുണ്ടാക്കാതെ തന്നെ അത് വലിയൊരു ആഘാതമായിരിക്കും. ബി.ജെ.പി വിരുദ്ധ ശക്തികളെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കൂട്ടിച്ചേര്‍ക്കുകയാണ് വേണ്ടത്.
എസ്.പിയേയും ബി.എസ്.പിയേയും ഒരുമിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുമോ?
ഇത്തരത്തിലുള്ള ശ്രമകരമായ ജോലികള്‍ ഞങ്ങളുടെ കഴിവുകള്‍ക്ക് അപ്പുറമാണ്. ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
ഒരു ദേശീയ സഖ്യത്തിന് സാധ്യതയുണ്ടോ?
അങ്ങനൊരു സഖ്യത്തിന് സാധ്യതയില്ല. സംസ്ഥാന തലത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ അങ്ങനൊരു സഖ്യമുണ്ടായിരിക്കും.
പൊളിറ്റ് ബ്യൂറോയില്‍ ഭിന്നതയുണ്ടല്ലോ. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതെങ്ങനെ പ്രതിഫലിക്കും?
ഭിന്നതയൊന്നുമില്ല. രാഷ്ട്രീയമായ വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ കരട് രേഖയും നിലവിലെ നയത്തിന്റെ ഭാഗമായി മൈനോറിറ്റി കരടും ഉണ്ട്. നിലവിലെ തന്ത്രം ഞങ്ങളെ സംബന്ധിച്ച് അടിസ്ഥാനപരമായതല്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചെറിയ പ്രാധാന്യമേ കല്‍പ്പിക്കുന്നൊള്ളൂ.
പാര്‍ട്ടി നയരേഖയാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കുന്നത്. അതാണ് പ്രധാനപ്പെട്ടത്.
“കേരള നയരേഖ ബംഗാള്‍ നയരേഖ”- അങ്ങനെയുണ്ടോ?
ഈ വിഭജനം അതിശയോക്തി കലര്‍ന്നതാണെന്ന് ഞാന്‍ ഭയപ്പെടുന്നു. കേന്ദ്രകമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറോയുടെയും തലത്തില്‍ ജനങ്ങള്‍ക്ക് മുഴുവനായും ഒരു ധാരണ ഉണ്ട്. ആരും പാര്‍ട്ടിയുടെ ഒരു വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നില്ല.
കേന്ദ്രകമ്മിറ്റിയില്‍ അത്തരത്തില്‍ പ്രാദേശിക വിഭജനം ഇല്ല. പൊളിറ്റ് ബ്യൂറോയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ 11 നെതിരെ അഞ്ച് എന്നതായിരുന്നു അവസ്ഥ. അഞ്ചുപേരും ബംഗാളില്‍ നിന്നുള്ളവരായിരുന്നു.
ഞങ്ങള്‍ പൊതുവെ ചര്‍ച്ചയുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനകമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞ ധാരണപ്രകാരമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെയല്ലായിരുന്നു.
അത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അത് വിഭജനമോ വിഭാഗീയതയോ അല്ല. പാര്‍ട്ടി കോണ്‍ഗ്രസ് എല്ലാ വിഭാഗീയതയും അവസാനിപ്പിക്കും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം. ഞങ്ങള്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ ധീരതയോടെ, തുറന്നുപറയുന്നു തുടര്‍ന്ന് തീരുമാനമെടുക്കുമ്പോള്‍ സ്വതന്ത്രമായി ഞങ്ങള്‍ അത് നടപ്പിലാക്കുന്നു.
എന്തുകൊണ്ടാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഖ്യം ആവശ്യപ്പെടുന്നത്.?
സാധാരണയായുള്ള സാഹചര്യമല്ല ബംഗാളിലേത്. സി.പി.ഐ.എമ്മിനെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന ഒരു ഭരണകക്ഷിയാണ് അവിടെയുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നമുക്ക് പ്രതിരോധിക്കേണ്ടി വരും.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് കേള്‍ക്കാറുണ്ടല്ലോ?
അത്തരത്തില്‍ മറ്റ് പാര്‍ട്ടികള്‍ ചിത്രീകരിക്കുകയാണ്. പണ്ട് പറഞ്ഞിരുന്നത് സുന്ദരയ്യയെക്കുറിച്ചായിരുന്നു. കാരണം അവര്‍ വ്യക്തിപരമായാണ് കാണുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് പ്രധാനമല്ല. ഞങ്ങളുടെ ചര്‍ച്ചകളും സംവാദങ്ങളും രാഷ്ട്രീയത്തെക്കുറിച്ചാണ്.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ മാറ്റം വരുമോ?
അതിപ്പോള്‍ പറയേണ്ട കാര്യമല്ല. നേതൃത്വത്തിന്റെ കാര്യമൊക്കെ തീരുമാനിക്കേണ്ടത്. പാര്‍ട്ടി കോണ്‍ഗ്രസാണ്. പുതിയ കേന്ദ്രകമ്മിറ്റിയും പുതിയ പൊളിറ്റ് ബ്യൂറോയും വരും. അതിനു ശേഷമാണ് ജനറല്‍ സെക്രട്ടറി. അത് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെയും മാര്‍ഗരേഖയുടെയും അടിസ്ഥാനത്തിലായിരിക്കും.
ത്രിപുര നിലനിര്‍ത്തുമെന്ന് ഉറപ്പുണ്ടോ?
ത്രിപുരയില്‍ എട്ടാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട്. ത്രിപുര തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഒരുപാട് സന്ദേശങ്ങള്‍ തരുന്ന ഒന്നായിരിക്കും. ഇടതുമുന്നണിയും ബി.ജെ.പിയും നേരിട്ട് മുഖാമുഖം വരുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ത്രിപുരയിലെ എല്ലായിടത്തും ബി.ജെ.പിയുടെ എതിരാളി മല്‍സരങ്ങള്‍ നേരിടാനിടയുണ്ട്. അവരെ നശിപ്പിക്കാന്‍ നമുക്ക് കഴിയും.