തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷപാര്‍ട്ടികള്‍ പരസ്പരം ഐക്യം കാത്തുസൂക്ഷിക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തില്‍ സി.പി.ഐ.എം സി.പി.ഐയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ട്. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ ഈ തര്‍ക്കം പരിഹരിക്കാന്‍ സി.പി.ഐ.എം മുന്‍കൈയെടുക്കണമെന്നും കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കാരാട്ട് അടുത്തിടെ കേരളത്തിലുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ചത്.
അടുത്തിടെ ചിലകാര്യങ്ങള്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ഐക്യം നിലനിര്‍ത്തണമെന്ന കാരാട്ടിന്റെ പ്രസ്താവന.
മതത്തെയല്ല; വര്‍ഗീയതയെയും മതമൗലിക വാദത്തെയുമാണ് സി.പി.ഐ.എം എതിര്‍ക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ‘ ക്രൈസ്തവ സഭയോട് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്.’ അദ്ദേഹം പറഞ്ഞു: ‘മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്’. കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്’ കാരാട്ട് തുടര്‍ന്നു.
സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ അവര്‍ ഭാവനാലോകത്താണ്. നേരത്തെ പിണറായി വിജയനെതിരെയും ഇപ്പോള്‍ വി.എസ് അച്യുതാനന്ദനെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. ഇതിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും കാരാട്ട് പറഞ്ഞു.
ഇന്ത്യയിലെ ഭരണക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ഇതുവരെ കാണാത്ത അഴിമതിയാണ് യു.പി.എ ഭരണത്തില്‍ . ലോക്പാല്‍ കൊണ്ടു മാത്രം ഇതിനെ നേരിടാനാവില്ല. അഴിമതിക്കു കാരണമായ നവ ഉദാവല്‍ക്കരണ നയങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറിന്റെ സ്വാഗതപ്രസംഗം തന്നെ സി.കെ ചന്ദ്രപ്പനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു. ചന്ദ്രപ്പന്‍ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞ ആക്ഷേപങ്ങള്‍ ശത്രുക്കള്‍ പോലും പറയാത്തതാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റിനൊപ്പം ചേര്‍ന്നത് ശരിയായില്ല. ചന്ദ്രപ്പന്‍ ആരുടെ ഭാഗത്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിജയകുമാര്‍ പറഞ്ഞു.
രാവിലെ 10.30 ഓടുകൂടി സമ്മേളനവേദിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചതോടെ സമ്മേളനത്തിന് തുടക്കമായി. തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന നേതാവും പ്രതിപക്ഷനേതാവുമായ വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി.
കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ സ്വാഗതം ചെയ്തു. എ.കെ.ജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ. വരദരാജന്‍, വൃന്ദാകാരാട്ട്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.