| Monday, 11th June 2012, 4:31 pm

ടി.പി വധം: പാര്‍ട്ടി അന്വേഷിക്കും, കുറ്റക്കാര്‍ക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി രീതിയില്‍ ആഭ്യന്തരമായി അന്വേഷണം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അന്വേഷണത്തില്‍ പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കാരാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആവര്‍ത്തിച്ച കാരാട്ട് യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തെ സ്വാധീനിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സര്‍ക്കാരും വലതുപക്ഷ മാധ്യമങ്ങളും ഈ കൊലപാതകത്തെ പാര്‍ട്ടിയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ പാര്‍ട്ടി അപലപിച്ചതാണെന്നും കാരാട്ട് വ്യക്തമാക്കി.

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുന്നതില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നേതാക്കളെ ലക്ഷ്യം വെച്ച് യു.ഡി.എഫും കോണ്‍ഗ്രസും അന്വേഷണത്തെ സ്വാധീനിക്കുകയാണ്. ടി.പി വധത്തിന്റെ മറവില്‍ പാര്‍ട്ടിവിരുദ്ധ പ്രചരണത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കുകയാണ്. പാര്‍ട്ടിക്കെതിരായ ആക്രമണം ചെറുക്കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി കേരളത്തിലുണ്ടായ സംഭവവികാസങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. പി.ബി അംഗങ്ങളില്‍ ചിലര്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കും. ചര്‍ച്ചയ്ക്കുശേഷം കേന്ദ്രകമ്മിറ്റി പാര്‍ട്ടിപ്രശ്‌നങ്ങളില്‍ നടപടിയെടുക്കും. കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം കേന്ദ്രകമ്മിറ്റിയോഗം ചേരുമെന്നും കാരാട്ട് അറിയിച്ചു.

പരസ്യപ്രസ്താവനകള്‍ അരുതെന്ന് വി.എസ് അടക്കമുള്ള നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. ഇത് വി.എസിനുള്ള താക്കീതാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താക്കീതല്ല കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമാണിതെന്നായിരുന്നു കാരാട്ടിന്റെ മറുപടി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പാര്‍ട്ടി സെക്രട്ടറിയല്ല പരാമാധികാരി. പാര്‍ട്ടിക്ക് കേന്ദ്ര സംസ്ഥാന കമ്മിറ്റികളുണ്ടെന്ന് ഈ കമ്മിറ്റികളാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും കാരാട്ട് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more