ന്യൂദല്‍ഹി: ആണവ ബാധ്യതാ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ യു പി എ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിന്നില്‍ അമേരിക്കയുടെ സമ്മര്‍ദ്ദമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അമേരിക്കയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഇത്തരം ഒരു ബില്ല്. ആണവ ബാധ്യതാബില്‍ അവിശുദ്ധമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കണമെന്നും കാരാട്ട് ആഹ്വാനം ചെയ്തു. ഇടതുപാര്‍ട്ടികളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ തലയില്‍ ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് ആണവബില്ലിലെ വ്യവസ്ഥകള്‍ .ആണവ ദുരന്തമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട പരമാവധി തുക 500 കോടിയായി നിജപ്പെടുത്തിയത് അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ മാത്രമാണ്. മനഃപൂര്‍വ്വമായ പിഴവുകള്‍ മൂലം ഉണ്ടാകുന്ന ആണവദുരന്തത്തിന്റെ ഉത്തരവാദിത്വം പോലും വിദേശ കമ്പനികളില്‍ നിന്നു ഒഴിവാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.