| Monday, 13th February 2023, 3:39 pm

ത്രിപുരയില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കും: പ്രകാശ് കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പടിഞ്ഞാറന്‍ ത്രിപുരയിലെ ഖയാര്‍പൂരില്‍ സഖ്യ മുന്നണി സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഗവണ്‍മെന്റ് നടപ്പിലാക്കിയ പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കാനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നടപടിയെ ചൂണ്ടിക്കാട്ടി കാരാട്ട് പറഞ്ഞത്. ത്രിപുരയിലെ 1.88 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യം വെക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പഴയ പെന്‍ഷന്‍ രീതി പുനരാരംഭിച്ചിരുന്നു. കോണ്‍ഗ്രസ്-ഇടത് സഖ്യം അധികാരത്തിലെത്തിയാല്‍ ഇവിടെയും അത് നടപ്പിലാക്കും,’ കാരാട്ട് പറഞ്ഞു.

2018 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലായെന്നും, ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊതു ജനം പ്രതികരിക്കേണ്ട സമയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ത്രിപുരയില്‍ സഖ്യ സര്‍ക്കാര്‍ വിജയിച്ചാല്‍ അത് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തി പ്പെടുത്തുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

‘2020 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെ സംസ്ഥാനത്ത് 707 റേപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടി. പൈസ കൊടുത്ത് വോട്ട് വാങ്ങുന്ന ബി.ജെ.പി തന്ത്രത്തെ ജനങ്ങള്‍ കരുതിയിരിക്കണം. സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ നമ്മള്‍ ഒരുമിച്ച് പരിശ്രമിക്കണം.

ത്രിപുരയിലെ പ്രതിപക്ഷ്യ സഖ്യത്തിന്റെ വിജയം ദേശീയ തലത്തില്‍ മതേതരത്വവും, ജനാധിപത്യവും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സി.പി.എം നേതാവും ഖയാര്‍പൂരിലെ സഖ്യ സ്ഥാനാര്‍ത്ഥിയുമായ പബിത്ര കൗര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ഫെബ്രുവരി 16നാണ് ത്രിപുരയില്‍ നിയമസഭ തെരഞ്ഞടുപ്പ് ആരംഭിക്കുന്നത്.മാര്‍ച്ച് 12 നാണ് വോട്ടെണ്ണല്‍.

Content Highlight: prakash karat addressing election rally in tripura

We use cookies to give you the best possible experience. Learn more