സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ ശക്തമായ വിമര്‍ശനമാണ് അടുത്തിടെയായി ഉയരുന്നത്. ബോഡിന്റെ കടുംപിടുത്തങ്ങള്‍, നിയമങ്ങള്‍ കാലാനുസൃതമല്ല തുടങ്ങിയവ ഇതില്‍ ചിലതാണ്. ഈ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ. []
തന്റെ ചിത്രം ചക്രവ്യൂഹ് സെന്‍സര്‍ ചെയ്യുന്നതിന് മുമ്പ് സെന്‍സര്‍ ബോര്‍ഡ് നിയമങ്ങളില്‍ ചില മാറ്റം വരുത്തണമെന്നാണ് ഝായുടെ ആവശ്യം. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികളുമായി സാമ്യമുണ്ടെന്ന് സിനിമയുടെ തുടക്കത്തില്‍ കാണിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഝാ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും യഥാര്‍ത്ഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തെങ്കിലും തരത്തിലുള്ള സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ് ” എന്ന വാക്കുകളാണ് മിക്ക സിനിമകളുടെയും തുടക്കത്തില്‍ നമ്മള്‍ കാണാറുള്ളത്. ഇത് മാറ്റി താന്‍ മനപൂര്‍വ്വം യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ കൊണ്ടുവരികയാണെന്ന് പറയാനാണ് ഝാ ആഗ്രഹിക്കുന്നത്.
“ചക്രവ്യൂഹത്തില്‍ പറയുന്ന ചരിത്രപരമായ കാര്യങ്ങള്‍ ഞാന്‍ നിഷേധിക്കാനാഗ്രഹിക്കുന്നില്ല. ഈ ചിത്രത്തിലെ രാഷ്ട്രീയ അടിത്തറ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഝായുടെ രാജ്‌നീതിയെന്ന ചിത്രം സോണിയാ ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.