ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുമെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കര്‍. കോണ്‍ഗ്രസിലും ജെ.ഡി.എസിലും ചില അസംതൃപ്തരായ എം.എല്‍.എമാരുണ്ടെന്നും അവരെ ജനാധിപത്യപരമായി സമീപിക്കുമെന്നുമാണ് ജാവേദ്കര്‍ അഭിപ്രായപ്പെട്ടത്.
തങ്ങള്‍ക്ക് സര്‍ക്കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം ചില എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
“കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ പല എം.എല്‍.എമാരും അതൃപ്തരാണ്. ജനാധിപത്യപരമായി ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ വേണം. ഞങ്ങള്‍ അത് രൂപീകരിക്കും. അനാവശ്യമായ പ്രശ്‌നങ്ങള്‍ ആര്‍ക്കും സൃഷ്ടിക്കാം. പക്ഷേ കര്‍ണാടക ജനത ഞങ്ങള്‍ക്കൊപ്പമാണ്. യോഗത്തിനുശേഷം ഞങ്ങള്‍ ആവശ്യമായ നടപടിയെടുക്കും. പിന്നാമ്പുറത്തൂടെ കടക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നടപടി പ്രോത്സാഹിപ്പിക്കാനാവില്ല. സ്വന്തം നേട്ടത്തിനായി ബദ്ധശത്രുക്കള്‍ ഒരുമിക്കുകയാണ്.” ജാവേദ്കര്‍ പറഞ്ഞു.
അതിനിടെ, കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും പ്രതിനിധികളുടെ യോഗം നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് യോഗത്തിനായി 42 പേര്‍ മാത്രമാണ് ഇതുവരെ എത്തിയത്. നാല് കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഇത് നിഷേധിച്ചിട്ടുണ്ട്. എം.എല്‍.എമാരെല്ലാം ഒറ്റക്കെട്ടാണെന്നും തങ്ങള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വെളിപ്പെടുത്തി ചില കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാര്‍ രംഗത്തുവന്നിരുന്നു. വേണ്ടതെന്തും ചെയ്തുതരാമെന്നും മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ നല്‍കാമെന്നുമാണ് അവര്‍ വാഗ്ദാനം ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതാവ് അമരഗൗഡ ലിംഗനഗൗഡ പട്ടീല്‍ പറഞ്ഞത്.
ഓരോ ദിവസവും വലിയ സമ്മര്‍ദ്ദത്തോടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും പറഞ്ഞിരുന്നു.
അതിനിടെ കര്‍ണാടകയില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ആര്‍ ശങ്കര്‍ ബി.ജെ.പിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. യെദ്യൂരപ്പയുടെ വീട്ടിലെത്തിയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 104 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.