മലപ്പുറം: കെ. സുരേന്ദ്രന്റെ പദയാത്രയുടെ ഭാഗമായി പൊന്നാനിയിൽ പ്ലേ ചെയ്ത കേന്ദ്രസർക്കാരിനെതിരെയുള്ള ഔദ്യോഗിക ഗാനം 2013ൽ യു.പി.എ സർക്കാരിനെതിരെ തയ്യാറാക്കിയതായിരുന്നുവെന്ന് മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ പ്രകാശ് ജാവദേക്കർ.
പൊന്നാനിയിലെ പരിപാടിയിൽ ഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതാണെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിക്കെതിരെ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങൾ അന്വേഷണം നടത്തണം. 2013ൽ യു.പി.എ സർക്കാരിനെതിരെ തയ്യാറാക്കിയ ഗാനം അബദ്ധത്തിൽ പ്ലേ ചെയ്തുവെന്ന ചെറിയ പിശക് മാത്രമാണ് സംഭവിച്ചത്.
അത്തരം പിശകുകൾ പത്രങ്ങളിലും നിത്യവും സംഭവിക്കുന്നതാണ്. അതിന് നടപടി സ്വീകരിക്കേണ്ട ആവശ്യമില്ല. ‘മോദി തന്നെ വരും’, പ്രകാശ് ജാവദേക്കർ എക്‌സിൽ കുറിച്ചു.
അതേസമയം പദയാത്ര ഗാനത്തിലെയും പോസ്റ്ററിലെയും തെറ്റുകൾ ഐ.ടി സെൽ മനപ്പൂർവ്വം വരുത്തിയതാണെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു. ഐ.ടി സെൽ ആവശ്യമുള്ള കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നില്ലെന്നും അനാവശ്യ കാര്യങ്ങൾ ഏറ്റെടുത്ത പാർട്ടിക്ക് മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കികൊടുക്കുകയാണെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ വിമർശനം.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഐ.ടി സെൽ കൺവീനറായ എസ്. ജയ്ശങ്കറും തമ്മിലുള്ള തർക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സുരേന്ദ്രൻ ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾ ഐ.ടി സെൽ കൺവീനർ ഏറ്റെടുക്കാറില്ലെന്ന് ആരോപിച്ച് ജയശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇതിന് മുമ്പും ആരോപണമുയർന്നിരുന്നു.
‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്ക കൂട്ടരേ, താമരക്ക് കൊടി പിടിക്കൂ മക്കളേ’ എന്നിങ്ങനെയാണ് ഗാനത്തിലെ വരികൾ. ഗാനം പുറത്ത് വന്നയുടൻ യൂത്ത് ലീഗ് സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പടെയുള്ളവർ ഗാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
പദയാത്രയുടെ പോസ്റ്ററും ഇതിന് മുമ്പേ വിവാദമായിരുന്നു. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കളൊന്നിച്ച് എന്ന് പോസ്റ്ററിന്റെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അതിനിടെയാണ് സംഭവത്തിൽ തങ്ങളുടെ ഐ.ടി സെല്ലിനെ പഴിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
Content Highlight: Prakash Javadekkar claims that controversial Padayatra was from 2013 against then UPA government