കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ബംഗാളിലെ സാധാരണക്കാരുടെ അവസ്ഥ എന്താകും?; വി. മുരളീധരന് നേരെ നടന്ന ആക്രമണത്തില്‍ പ്രകാശ് ജാവദേക്കര്‍
national news
കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ബംഗാളിലെ സാധാരണക്കാരുടെ അവസ്ഥ എന്താകും?; വി. മുരളീധരന് നേരെ നടന്ന ആക്രമണത്തില്‍ പ്രകാശ് ജാവദേക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th May 2021, 6:33 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വെച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ബംഗാളിലെ സാധാരണക്കാരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ജാവദേക്കര്‍ ചോദിച്ചു. ഇന്ത്യാ ടുഡെയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ ബംഗാളിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? സംസ്ഥാന സര്‍ക്കാര്‍  കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’, ജാവദേക്കര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ വെച്ചാണ് വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് വി.മുരളീധരന്‍ ആരോപിച്ചിരുന്നു.

തന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ആക്രമിച്ചെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടിരുന്നു.
സംഘര്‍ഷത്തില്‍ ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തി നടന്‍ സിദ്ധാര്‍ത്ഥ് നേരത്തേ രംഗത്തു വന്നിരുന്നു. ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ലെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘ഒരു പാര്‍ട്ടി പരാജയപ്പെട്ടെന്ന് കരുതി വേറെ എവിടേയും അഗ്നിക്കിരയാകില്ല. അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. അവര്‍ എല്ലായ്‌പ്പോഴും വിജയിക്കുകയും പരാജയപ്പെട്ടവര്‍ മുന്നോട്ടുപോകുകയും ചെയ്യുന്നു. വര്‍ഗീയമായി ഹൈജാക്ക് ചെയ്യപ്പെട്ട ഒരു രാജ്യമാണ് നമ്മുടേത്’, സിദ്ധാത്ഥ് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prakash Javadekar Slams Attack Aganist V Muralidharan