| Monday, 25th January 2021, 7:02 pm

ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയതിലൂടെ ചരിത്രപരമായ തെറ്റുതിരുത്തി; പ്രകാശ് ജാവ്‌ദേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയതോടെ ചരിത്രപരമായ ഒരു തെറ്റ് തിരുത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ദല്‍ഹിയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള ധനസമാഹരണ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അയോധ്യയില്‍ ബാബര്‍ നിര്‍മിച്ചത് പള്ളിയല്ലെന്നും വൈരുദ്ധ്യപരമായ ഒരു കെട്ടിടമാണെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

‘ബാബറെപ്പോലെയുള്ള വിദേശശക്തികള്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ എന്തുകൊണ്ട് രാമക്ഷേത്രം തന്നെ പള്ളി പണിയാന്‍ തകര്‍ത്തു? കാരണം അവര്‍ക്കറിയാം രാജ്യത്തിന്റെ മുഴുവന്‍ വികാരമാണ് രാമക്ഷേത്രമെന്ന്. അവര്‍ പണിതത് പള്ളിയുടെ രൂപമുള്ള ഒരു കെട്ടിടം മാത്രമാണ്. ആരാധന നടത്താത്ത സ്ഥലമായിരുന്നു അത്. 1992 ഡിസംബര്‍ ആറിന് ആ തെറ്റ് ഞങ്ങള്‍ തിരുത്തി’, ജാവ്‌ദേക്കര്‍ പറഞ്ഞു.

ചരിത്രപരമായ തെറ്റ് തിരുത്തിയപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘1992 ഡിസംബര്‍ 6’ ന് സൃഷ്ടിച്ച ചരിത്രത്തിന് ഞാന്‍ സാക്ഷിയായിരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്.

‘അക്കാലത്ത് ഞാന്‍ ഭാരതീയ ജനത മോര്‍ച്ചയ്ക്കായി ജോലി ചെയ്യുകയായിരുന്നു. ഞാന്‍ അയോധ്യയില്‍ ഒരു കര്‍സേവകനായിരുന്നു. ലക്ഷക്കണക്കിന് കര്‍സേവകര്‍ അവിടെ ഉണ്ടായിരുന്നു. ചരിത്രപരമായ ഒരു തെറ്റ് എങ്ങനെ തിരുത്താമെന്ന് രാജ്യം കണ്ടു’, ‘ജാവ്‌ദേക്കര്‍ പറഞ്ഞു.

രാജ്യത്ത് വിദേശ അധിനിവേശം നടന്നെന്നും എല്ലാ രാജ്യങ്ങളും അധിനിവേശത്തിന്റെ തെളിവുകള്‍ മായ്ച്ചുകളയണമെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശത്തിന്റെ തെളിവുകള്‍ ഇന്ത്യയില്‍ നിന്ന് തങ്ങള്‍ തുടച്ചുമാറ്റിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഇവിടുത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി. ഏതൊരു രാജ്യത്തിന്റെയും ആത്മാഭിമാനത്തിന്റെ ഭാഗമാണതെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തെ എല്ലാ വീടുകളിലും എത്തി അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതിനായി സംഭാവന ആവശ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Prakash Javadekar On Babri Masjid Demolition

We use cookies to give you the best possible experience. Learn more