ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ കണ്ണുവെച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രതികരിക്കുമ്പോഴാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 36 ശതമാനം ജനപിന്തുണയുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തില്‍ മുസ്‌ലിം ലീഗിനോട് സി.പി.ഐ.എം കാണിക്കുന്ന പ്രണയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തില്‍ ആറോ ഏഴോ മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവിടുത്തെ സാഹചര്യം വ്യത്യസ്തമാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുളള വീടുകളില്‍ ഞങ്ങളെത്തുമെന്നും പ്രാദേശിക വിഷയങ്ങളിലടക്കം ഇടപെടുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കേരളത്തിലെ ഇരുമുന്നണികളുടെയും നിഴല്‍ യുദ്ധം ബി.ജെ.പി തുറന്നുകാണിക്കുമെന്നും, ക്രിസ്ത്യന്‍ മുസ്‌ലിം വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നും ജാവദേക്കര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രിയരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
സിനിമ, കായിക രംഗത്തെ സൂപ്പര്‍ താരങ്ങളെയും കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖരെയുമാണ് സ്ഥാനാര്‍ത്ഥികളായി ബി.ജെ.പി ലക്ഷ്യമിടുന്നത്. കേരളത്തിലെ 10 മണ്ഡലങ്ങളിലെങ്കിലും ഇത്തരം സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
കേന്ദ്ര നേതൃത്വം പ്രധാന്യം നല്‍കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളിലും സംസ്ഥാന നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്ന കൊല്ലം, കാസര്‍ഗോഡ്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് നീക്കം.
കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും കേരളത്തില്‍ മത്സരിക്കാനിടയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഈ ഒക്ടോബറില്‍ തന്നെ പട്ടികയുണ്ടാക്കാനാണ് പദ്ധതി.
സംസ്ഥാനത്തെ 20 മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ മറ്റൊരു പദ്ധതി.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വരെ ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങളെ എ ഗ്രേഡ് വിഭാഗത്തിലാക്കിയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണം. എന്നാല്‍ ഇത് മാറ്റി 20 മണ്ഡലത്തിനും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.