| Wednesday, 22nd August 2012, 9:02 am

സിനിമയുടെ പ്രദര്‍ശനത്തിന് അവാര്‍ഡ് തടസമാകുന്നു: പ്രകാശ് ബാരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സിനിമയുടെ പ്രദര്‍ശന വിജയത്തിന് അവാര്‍ഡ് തടസ്സമാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ. സിനിമയുടെ വിപണിയെ അവാര്‍ഡ് സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ “ഇവന്‍ മേഘരൂപന്‍” പ്രദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.[]

പ്രദര്‍ശനത്തിനുശേഷം ലഭിക്കേണ്ട അംഗീകാരമാണ് അവാര്‍ഡ്. എന്നാല്‍ സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ അവാര്‍ഡ് ലഭിക്കുന്നതോടെ പ്രേക്ഷകര്‍ സിനിമയില്‍ നിന്ന് അകലുകയാണ്. തങ്ങള്‍ക്ക് കാണാനുള്ള ഒന്നല്ല അവാര്‍ഡ് സിനിമ എന്ന മുന്‍ വിധിയാണ് പ്രേക്ഷകര്‍ക്ക്.  അവാര്‍ഡ് കിട്ടിയാല്‍ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ കുറവുവരുന്നത് നല്ല സിനിമയുടെ പ്രചാരത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവന്‍ മേഘരൂപന്‍ 35 തിയ്യറ്ററുകളില്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും അവാര്‍ഡ് പ്രഖ്യാപനത്തോടെ അത് 20 ആയി കുറഞ്ഞു. കാണാന്‍ കൊള്ളില്ല എന്ന കാഴ്ചക്കാരുടെ മുന്‍വിധി പോലെ തന്നെ തിയേറ്ററുകാരുടെ മുന്‍വിധിയും സിനിമയ്ക്ക് ദോഷകരമാണ്. ലാഭം കിട്ടില്ലെന്ന നിലപാടാണ് ഇത്തരം സമീപനത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു കവിയുടെ പ്രണയവും പരാജയവും പശ്ചാത്താപവുമാണ് ഇവന്‍ മേഘരൂപന്‍ പറയുന്നത്. അതിന് കേരളത്തിലെ ഒരു മഹാകവിയുടെ ജീവിതം പ്രേരണയായിട്ടുണ്ട്. എന്നാല്‍ ആ കവിയുടെ ജീവിതം ആവിഷ്‌കരിക്കാനല്ല ചിത്രത്തിലൂടെ ശ്രമിച്ചതെന്നും പ്രകാശ് ബാരെ പറഞ്ഞു.

മലയാള സിനിമ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ഫോര്‍മുല ചിത്രങ്ങളുടെ ചിട്ടവട്ടങ്ങളെ അതിലംഘിക്കുന്ന സംവേദനക്ഷമത പുതിയ സിനിമകള്‍ ആവശ്യപ്പെടുന്നുണ്ട്. അത് എത്രത്തോളം വിജയകരമാവും എന്നത് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more