കോണ്‍ഗ്രസും ബി.ജെ.പിയും എന്‍.സി.പിയും നേരിടുന്നത് ഒരേ പ്രതിസന്ധി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വിജയതന്ത്രം ഉപദേശിച്ച് പ്രകാശ് അംബേദ്ക്കര്‍
national news
കോണ്‍ഗ്രസും ബി.ജെ.പിയും എന്‍.സി.പിയും നേരിടുന്നത് ഒരേ പ്രതിസന്ധി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വിജയതന്ത്രം ഉപദേശിച്ച് പ്രകാശ് അംബേദ്ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 10:15 am

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് പരിഹാരം നിര്‍ദേശിച്ച് വഞ്ചിത് ബഹുജന്‍ അഘാതി നേതാവ് പ്രകാശ് അംബേദ്ക്കര്‍. സംസ്ഥാനത്ത് ബി.ജെ.പിയും കോണ്‍ഗ്രസും എന്‍.സി.പിയും നേരിടുന്നത് ഒരേ വെല്ലുവിളിയാണെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മുഴുവന്‍ സീറ്റിലേക്കും മത്സരിച്ചേക്കാമെന്നും എന്നാല്‍ അതില്‍ എത്ര പേര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നും അംബേദ്ക്കര്‍ ചോദിക്കുന്നു.

’80 സീറ്റുകളില്‍ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന് മികച്ച സ്ഥാനാര്‍ത്ഥികളില്ല. അതില്‍ തന്നെ 40 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ കോണ്‍ഗ്രസ് സീറ്റിലേക്ക് ഔപചാരികമായി മത്സരിക്കുന്നതാണ്. ഇതേ പ്രതിസന്ധി തന്നെയാണ് എന്‍.സി.പിയിലും ശിവസേനയിലും ബി.ജെ.പിയിലും. ഇവിടെ ബി.ജെ.പിക്കുള്ള ഒരു ഗുണം പിന്നണിയില്‍ ആര്‍.എസ്.എസ് ഉണ്ടെന്നതാണ്. എന്നാല്‍ ശിവസേനക്ക് അങ്ങനെയല്ല. ഇതേ സാഹചര്യമാണ് കോണ്‍ഗ്രസിലും എന്‍.സി.പിയിലും. കോണ്‍ഗ്രസിന്റെ നട്ടെല്ലായി കോണ്‍ഗ്രസ് സേവാ ദള്‍ ഉണ്ടായിരുന്നപ്പോള്‍ പാര്‍ട്ടി ഇതിലും ശക്തമായിരുന്നു. ഇന്ന് കോണ്‍ഗ്രസ് സേവാദളിന് നിലനില്‍പ്പില്ല. അതിനാല്‍ തന്നെ മഹാരാഷ്ട്രയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പിക്കാന്‍ കഴിയുന്നില്ല. അവര്‍ സംഘടനാപരമായി ക്ഷയിച്ചിരിക്കുകയാണെന്ന് തുറന്ന് സമ്മതിക്കാന്‍ തയ്യാറാവണം. അവര്‍ക്ക് പാര്‍ട്ടിയെ ശക്തമാക്കണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് സേവാ ദളിനെ പൂര്‍വ്വാധികം ശക്തിപ്പെടുത്തണം. അതിനാല്‍ രാഹുലിന്റെ മുന്നിലുള്ള വെല്ലുവിളി പാര്‍ട്ടി വിടുകയെന്നതല്ല സേവാ ദളിനെ ശക്തിപ്പെടുത്തുകയെന്നതാണ്. എന്നാല്‍ മാത്രമെ അവര്‍ക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയൂ.’ പ്രകാശ് അംബേദ്ക്കര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സേവാദളിന്റെ പ്രശ്‌നം അതിന്റെ അംഗങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണെന്നും അതിനാല്‍, ഇത് പ്രവര്‍ത്തന രഹിതമായ സംഘടനയായി മാറുകയാണെന്നും പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 50-50 സീറ്റ് എന്ന ഫോര്‍മുലയുമായി പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു.
50-50 സീറ്റ് പങ്കിടല്‍ ഫോര്‍മുല കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ 288 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും പ്രകാശ് അംബേദ്ക്കര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇതുവരെയും ഇതില്‍ പ്രതികരിച്ചിട്ടില്ല.