കോണ്‍ഗ്രസുമായി സഖ്യത്തിന് വാതില്‍ തുറന്നിട്ടിട്ടുണ്ട് ; ഉവൈസിയുമായുള്ള സഖ്യത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി പ്രകാശ് അംബേദ്കര്‍
national news
കോണ്‍ഗ്രസുമായി സഖ്യത്തിന് വാതില്‍ തുറന്നിട്ടിട്ടുണ്ട് ; ഉവൈസിയുമായുള്ള സഖ്യത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി പ്രകാശ് അംബേദ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 12:33 pm

 

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവ്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീനുമായി സഖ്യത്തിലെത്തിയതിനു പിന്നാലെയാണ് പ്രകാശ് അംബേദ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

“ഞാന്‍ എ.ഐ.എം.ഐ.എമ്മുമായി കൈകോര്‍ത്തു. ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ്. പക്ഷേ എന്‍.സി.പിയുടെ കാര്യത്തില്‍ താല്‍പര്യമില്ല. പ്രത്യേകിച്ച് സതാരയില്‍ നിന്നുള്ള ലോക്‌സഭാ അംഗം സാംഭാജി ബിഡെയ്ക്ക് അനുകൂലമായതിനാല്‍.” അദ്ദേഹം പറഞ്ഞു.

സഖ്യചര്‍ച്ചകള്‍ക്കായി അദ്ദേഹം മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അംബേദ്കറുമായി സഖ്യത്തിന് താല്‍പര്യമുണ്ടെങ്കിലും എ.ഐ.എം.ഐ.എമ്മുമായി അവര്‍ സഖ്യത്തിലെത്തിയതിനാല്‍ കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

Also Read:മിനിമം ചാര്‍ജ് 10 രൂപയാക്കണം; സമരത്തിനൊരുങ്ങി ബസ്സുടമകള്‍

പ്രതിപക്ഷ നേതാവ് വിഖേ പാട്ടീലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്. എ.ഐ.എം.ഐ.എമ്മുമായും സഖ്യം തുടര്‍ന്നുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

“എ.ഐ.എം.ഐ.എമ്മിനെ സമാനചിന്താഗതിക്കാരായ പാര്‍ട്ടിയായി കോണ്‍ഗ്രസ് പരിഗണിക്കുന്നില്ല. അതിന് വര്‍ഗീയ മുഖമുണ്ട്. അത് ബി.ജെ.പിയെ സഹായിക്കും. വിഖെ പാട്ടീലും കോണ്‍ഗ്രസ് നേതാവ് അശോക് ചവാനും അംബേദ്കറുടെ നിര്‍ദേശം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യും.” കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.