ദളിത് സംവരണം എടുത്തുമാറ്റാന്‍ ധൈര്യമുണ്ടോ? കേന്ദ്രസര്‍ക്കാറിനെ വെല്ലുവിളിച്ച് അംബേദ്കറുടെ കൊച്ചുമകന്‍
Daily News
ദളിത് സംവരണം എടുത്തുമാറ്റാന്‍ ധൈര്യമുണ്ടോ? കേന്ദ്രസര്‍ക്കാറിനെ വെല്ലുവിളിച്ച് അംബേദ്കറുടെ കൊച്ചുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2017, 3:22 pm

prakash-ambedkar


ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമാണ് മനുവാദത്തിനെതിരെ പൊരാടാന്‍ കഴിയുക. അതിനാല്‍ ഇവരെ ലക്ഷ്യമിട്ടാണ് നോട്ടുനിരോധനം കൊണ്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ന്യൂദല്‍ഹി: രാജ്യത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സംവരണം എടുത്തുമാറ്റാന്‍ എന്‍.ഡി.എ സര്‍ക്കാറിനു ധൈര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ടാണ് പ്രകാശ് അംബേദ്കര്‍ രംഗത്തുവന്നത്.

ദലിതരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണം ഇല്ലതാക്കുക എന്നത് ആര്‍.എസ്.എസ് നിലപാടാണ്. അവരാണ് ഇപ്പോള്‍ അധികാരത്തില്‍. അവര്‍ക്കാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളത്. അവര്‍ക്ക് സംവരണം എടുത്തുമാറ്റാന്‍ കഴിയും. അങ്ങനെ ചെയ്യാന്‍ ഞാനവരെ വെല്ലുവിളിക്കുന്നു.” അദ്ദേഹം പറഞ്ഞു.

സംവരണം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് പ്രസ്താവന നടത്തുകവഴി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവരണ നയം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് പബ്ലിസിറ്റി ചീഫായ മന്‍മോഹന്‍ വൈദ്യ വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു. സംവരണം എല്ലാകാലത്തും തുടരുന്നതിന് അംബേദ്കര്‍ അനുകൂലമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് സംവരണം എടുത്തുമാറ്റണമെന്ന ആവശ്യത്തെ അദ്ദേഹം ന്യായീകരിച്ചത്. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് അംബേദ്കര്‍.


Also Read: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തകര്‍ക്കുക എന്നതാണ് ലക്ഷ്യം: ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത തെറ്റെന്നും നരേഷ് അഗര്‍വാള്‍ 


പിന്‍വലിക്കല്‍ മൂലം വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് രാജ്യത്തെ ദളിതര്‍ക്കും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു. ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമാണ് മനുവാദത്തിനെതിരെ പൊരാടാന്‍ കഴിയുക. അതിനാല്‍ ഇവരെ ലക്ഷ്യമിട്ടാണ് നോട്ടുനിരോധനം കൊണ്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദളിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് പിന്നിലുള്ള യഥാര്‍ത്ഥകാരണം കേന്ദ്രസര്‍ക്കാര്‍ മറച്ച് വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.