മുംബൈ: പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന ബാരിപാ ബഹുജന്‍ മഹാസംഘും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീനും തമ്മിലുള്ള സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഇരു കക്ഷികളും തമ്മിലുള്ള സഖ്യം രാഷ്ട്രീയപരമായി ഒരു “നല്ല ശകുന”മല്ലെന്നാണ് ശിവസേനയുടെ പ്രതികരണം.
ഡോ. ബി. ആര്‍. അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍, സഖ്യത്തിനു തയ്യാറായതോടെ സ്വന്തം സമുദായത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ശിവസേന പറയുന്നു. സഖ്യം കൊണ്ട് ഗുണമുണ്ടാകുക ബി.ജെ.പിക്കു മാത്രമാണെന്നാണ് ശിവസേന നേതൃത്വത്തിന്റെ പക്ഷം.
ഇരു പാര്‍ട്ടികളും തമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തി സഖ്യം രൂപീകരിക്കുമെന്ന് നേതാക്കള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിഷയത്തിലുള്ള പ്രാരംഭഘട്ട ചര്‍ച്ചകള്‍ വിജയകരമായിരുന്നതായി ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.
“ഇതുവരെ ഇരുവരും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന പ്രവൃത്തികളാണ് അണിയറയില്‍ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന് ബി.ജെ.പിയെ പരസ്യമായി പിന്തുണയ്ക്കുന്ന നീക്കങ്ങളാണ് നടക്കുക.” പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
ബാബാ സാഹേബ് പോരാടിയത് ഹിന്ദുമതത്തിലെ തെറ്റായ ആചാരങ്ങള്‍ക്കെതിരെയാണ്. അദ്ദേഹമൊരിക്കലും മുസ്‌ലിം സംഘടനകളുമായി കൈകോര്‍ത്തിരുന്നില്ല. ഇസ്‌ലാമിലേക്ക് ഒരിക്കലും മതപരിവര്‍ത്തനം നടത്തില്ലെന്ന് പറഞ്ഞിട്ടുള്ളയാളാണ് അദ്ദേഹം. മുസ്‌ലിം വോട്ടു ബാങ്ക് രാഷ്ട്രീയമാണ് ഇത്തിഹാദുല്‍ മുസ്‌ലിമീന്റേതെന്നും ശിവസേന ആരോപിക്കുന്നു.