ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തകര്‍ന്നടിയാനുള്ള പ്രധാനകാരണങ്ങളിലൊന്നായിരുന്നു പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഹാഡി. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പരമ്പരാഗത ദളിത്-മുസ്‌ലിം വോട്ടുകള്‍ വന്‍തോതില്‍ വി.ബി.എക്ക് മറിയുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ രീതിയിലായിരുന്നു വി.ബി.എയുടെ നീക്കം. കോണ്‍ഗ്രസ്- എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്ന മുസ്‌ലീം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ വി.ബി.എക്ക് കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.ബി.എയുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ശ്രമിച്ചിരുന്നെങ്കിലും പ്രകാശ് അംബേദ്കര്‍ ക്ഷണം നിരസിക്കുകയായിരുന്നു.
വി.ബി.എയുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ 12ല്‍ അധികം സീറ്റുകളില്‍ക്കൂടി ജയിക്കാനാകുമായിരുന്നെന്നും നിഷ്പ്രയാസം സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമായിരുന്നെന്നും കോണ്‍ഗ്രസ് വക്താവ് രാജു വാഗ്മേര്‍ പറഞ്ഞു.
പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സാധ്യത കെടുത്തിയത് വി.ബി.എയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ലത്തൂര്‍ ജില്ലയിലെ നിലങ്ക മണ്‍ലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേടിയത് 16,000 വോട്ടാണ്. ഇവിടെ വി.ബി.എ സ്ഥാനാര്‍ത്ഥി 14,000 വോട്ടുനേടി.
ബുല്‍ധാന, നന്ദെദ്, പല്‍ഖാര്‍, അംബര്‍നാഥ്, കോലഹ്പുര്‍ തുടങ്ങിയ പത്തോളം മണ്ഡലങ്ങളിലും സമാനമായ അവസ്ഥ ആവര്‍ത്തിക്കപ്പെട്ടു.
എന്നാല്‍ എവിടെയും ഒന്നാമതെത്താന്‍ വി.ബി.എക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. പത്തിടത്ത് രണ്ടാംസ്ഥാനത്തെത്തിയ പാര്‍ട്ടിക്ക് ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിഞ്ഞില്ല.
2014ല്‍ പ്രകാശ് അംബേദ്കറിന്റെ ഭാരിപ്പ ബഹുജന്‍ മഹാസംഘ് സ്വന്തമാക്കിയ ബലാപുര്‍ സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയും ചെയ്തു.
എന്നാല്‍, അഗാഡി വിട്ട് സ്വന്തമായി മത്സരിച്ച അക്ബറുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ രണ്ട് സീറ്റുകള്‍ നേടി.