ദിലീഷ് പോത്തന്‍, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. പലചരക്കു കടക്കാരനായ പ്രകാശന്റേയും കുടുംബത്തിന്റെയും ജീവിതത്തിലൂടെയാണ് ട്രെയ്‌ലര്‍ കടന്നു പോകുന്നത്. മകന്‍ ദാസന്റെ സ്‌കൂള്‍ ജീവിതവും കൗമാരപ്രണയവും രസകരമായി ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. മാജിക് ഫ്രേയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മാളവിക മനോജ്, ശ്രീജിത്ത് രവി, ഗോവിന്ദ് വി. പൈ, നിഷാ സാരംഗ്, സ്മിനു സിജോ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ധ്യാന്‍ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രം കൂടിയാണ് പ്രകാശന്‍ പറക്കട്ടെ. ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈയ്‌മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ‘പ്രകാശന്‍ പറക്കട്ടെ’ നിര്‍മിക്കുന്നത്.
ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 17നാണ് ചിത്രത്തിന്റെ റിലീസ്.