പ്രജ്വല്‍ രേവണ്ണയുടെ നാട്ടില്‍ തുടരാന്‍ ഭയം; കൂട്ടപ്പലായനം ചെയ്ത് അതിക്രമത്തിനിരയായ സ്ത്രീകൾ
India
പ്രജ്വല്‍ രേവണ്ണയുടെ നാട്ടില്‍ തുടരാന്‍ ഭയം; കൂട്ടപ്പലായനം ചെയ്ത് അതിക്രമത്തിനിരയായ സ്ത്രീകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2024, 10:46 am

ബെംഗളൂരു: പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിനു ഇരയാക്കിയ സ്ത്രീകൾ ഹസൻ ഗ്രാമത്തിൽ നിന്നും കൂട്ടപ്പലായനം ചെയ്യുന്നു എന്ന് റിപ്പോർട്ട്. തങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നതിലെ ആശങ്കയും പ്രജ്വലിനോട് മത്സരിച്ച് ഹസൻ ഗ്രാമത്തിൽ നിലനിൽക്കാൻ സാധിക്കില്ലെന്ന ഭയവുമാണ് പലായനത്തിനു കാരണം. കഴിഞ്ഞ പത്ത് ദിവസമായി പലായനം നടന്നുകൊണ്ടിരിക്കുകയാണ്. ഹസൻ ഗ്രാമത്തിലെ പ്രബലരായ വ്യക്തികളോട് മത്സരിച്ച് നിൽക്കാനുള്ള ഭയമാണ് സ്ത്രീകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നത്.

ജെ.ഡി.എസ് പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന എച്ച് . ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വൽ, ഹസൻ ഗ്രാമത്തിലെ സിറ്റിംഗ് എം.പി ആണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാനിരിക്കെയാണ് ഇയാൾക്കെതിരെ ലൈംഗികാതിക്രമ കേസുകൾ വരുന്നത്. ഇരകളിലൊരാളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച്. ഡി. രേവണ്ണക്കെതിരെയും കേസ് വന്നിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രജ്വൽ രേവണ്ണ തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു.

‘ഈ ജില്ല മുഴുവൻ രേവണ്ണയുടെ കൈയിലാണ്. അവരെക്കുറിച്ച് നിങ്ങൾ എന്ത് പറഞ്ഞാലും അത് ആദ്യം എത്തുക അവരുടെ ചെവിയിൽ തന്നെയാണ്. അവരുടെ കുടുംബത്തിന് ഒരുപാട് അനുയായികളുണ്ട്’, ഹസൻ ഗ്രാമത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഹാഗാര ഗ്രാമത്തിലെ ഒരു കടയുടമ പറഞ്ഞു.

ഇതിനകം പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ആദ്യ പരാതി നൽകിയ സ്ത്രീയും കുടുംബവും അവരുടെ വീട് വിട്ട് പലായനം ചെയ്തു. പ്രജ്വലിന്റെ വീട്ടിൽ വീട്ടുജോലിക്കാരിയായി നിന്നിരുന്ന അവരുടെ ദൃശ്യങ്ങൾ ഹസൻ ഗ്രാമത്തിലൊന്നടങ്കം പ്രചരിക്കാൻ തുടങ്ങിയിരുന്നു.

ഇവരുടെ പരാതി പൊലീസിനോട് പറഞ്ഞത് അതിജീവിതയുടെ മകൻ തന്നെ ആയിരുന്നു. ഇവിടെ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് തങ്ങളെന്നും ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ട്ടപ്പെടുന്ന സാധാരണക്കാരാണ് തങ്ങളെന്നും അതിജീവിതയുടെ മരുമകൻ പറഞ്ഞു.

പ്രചരിക്കപ്പെടുന്ന ഈ ദൃശ്യങ്ങൾ ഇരകളായ സ്ത്രീകളുടെ ജീവിതത്തെ വളരെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ചൂണ്ടിക്കാട്ടി. ഇവരും പ്രജ്വലിനെതിരെ പരാതി നൽകിയിട്ടുണ്ട്.

ജെ.ഡി.എസ് പാർട്ടി പ്രവർത്തകരായ പല സ്ത്രീകളും പ്രജ്വലിനൊപ്പമുള്ള ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം ഇരയായ സ്ത്രീകളുടെ ഐഡന്റിറ്റി പുറത്തു വിടേണ്ടിയിരുന്നില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വീട്ടുജോലിക്കാരും സർക്കാർ ഉദ്യോഗസ്ഥരുമുൾപ്പടെ നിരവധി സ്ത്രീകളാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഹോളനാരസിപുര പൊലീസ് ആണ് കേസ് എടുത്തത്.

രാജ്യം വിട്ട പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

Content Highlight: Prajwal videos, many women leave home after fear