ഡയലോഗില്ലാത്ത ഒരു തുടക്കമായിരുന്നു പ്രജ്വല്‍ പ്രസാദിന്റേത്. ആദ്യ ചിത്രമായ “സ്പിരിറ്റി”ല്‍ സംസാരശേഷിയില്ലാത്ത കുട്ടിയായാണ് പ്രജ്വല്‍ എത്തിയത്. എങ്കിലും സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകനായി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പ്രജ്വലിന് കഴിഞ്ഞു.
ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനാണെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകനായാണ് പ്രജ്വല്‍ എത്തിയത്. മമ്മൂട്ടി നായകനായ “വര്‍ഷം” എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകനായെത്തിയ പ്രജ്വല്‍ ഇതിനകം ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.
“സ്പിരിറ്റിലെ വേഷം കണ്ട് പലരും കരുതി ഞാന്‍ യഥാര്‍ത്ഥത്തില്‍ സംസാരിക്കാന്‍ കഴിയാത്ത കുട്ടിയാണെന്ന്.” തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ച് പ്രജ്വല്‍ പറയുന്നു.
വര്‍ഷത്തിന്റെ വിജയത്തില്‍ ഏറെ സന്തുഷ്ടനാണ് പ്രജ്വല്‍. നിരവധിയാളുകള്‍ ചിത്രത്തെക്കുറിച്ച് തന്നോട് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഈ ചിത്രങ്ങള്‍ തങ്ങളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്‌തെന്നാണ് അവര്‍ പറയുന്നത്. ആദ്യ രണ്ട് ചിത്രങ്ങളില്‍ തന്നെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി തോന്നുന്നെന്നും പ്രജ്വല്‍ പറയുന്നു.
“മമ്മൂട്ടിയ്ക്ക് ഒരു സീരിയസ് പ്രതിച്ഛായയാണ് ഉള്ളത്. അതുകൊണ്ട് ആദ്യം എനിക്ക് നല്ല ഭയമുണ്ടായിരുന്നു. പിന്നീട് ഒരു മമ്മൂട്ടിയ്‌ക്കൊപ്പം നിന്ന് ഒരു സെല്‍ഫിയെടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിന് ശേഷമാണ് ആശ്വാസം തോന്നിയത്. എന്നെ അദ്ദേഹം വളരെയധികം ശ്രദ്ധിച്ചിരുന്നു. സെറ്റില്‍ യഥാര്‍ത്ഥ കുടുംബം പോലെയായിരുന്നു ഞങ്ങള്‍. ആശ ആന്റിയും എന്നെ സഹായിച്ചു. ഇരുവര്‍ക്കും അവരുടെ സ്വന്തം മകനെപ്പോലെയായിരുന്നു ഞാന്‍.” പ്രജ്വല്‍ പറഞ്ഞു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രജ്വലിപ്പോള്‍. സിനിമയും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സ്‌കൂളും സഹപാഠികളും തന്നെ ഏറെ സഹായിക്കുന്നുണ്ടെന്ന് പ്രജ്വല്‍ പറഞ്ഞു. സ്‌കൂളില്‍ ഒരു ഡാന്‍സ് പരിപാടിയില്‍ കണ്ടാണ് സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരി നാരായണി തന്നെ സ്പിരിറ്റിലേക്ക് ശുപാര്‍ശ ചെയ്തതെന്നും പ്രജ്വല്‍ പറഞ്ഞു.