ബെംഗളൂരു: നിരവധി സ്ത്രീപീഡനക്കേസുകളിലെ കുറ്റാരോപിതന്‍ കര്‍ണാടകയിലെ ഹാസ്സനില്‍ നിന്നുള്ള എം.പിയും എന്‍.ഡി.എ ഘടകക്ഷിയായ ജെ.ഡി.എസ് നേതാവുമായ പ്രജ്വല്‍രേവണ്ണ മെയ് 31ന് എസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) ക്ക് മുന്നില്‍ ഹാജരാകും. പ്രജ്വല്‍ രേവണ്ണ തന്നെയാണ് ഇത് സംബന്ധിച്ച ഒരു വീഡിയോ പുറത്തു വിട്ടത്. നേരത്തെ നിശ്ചയിച്ചതിനാലാണ് വിദേശത്തേക്ക് പോകണ്ടി വന്നതെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നു.
താന്‍ വിദേശത്തേക്ക് പോയി 3-4 ദിവസത്തിന് ശേഷമാണ് തനിക്കെതിരെയുള്ള കേസുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ താന്‍ അറിഞ്ഞതെന്നും പ്രജ്വല്‍ വീഡിയോയില്‍ പറയുന്നുണ്ട്. മുത്തച്ഛന്‍ എച്ച.ഡി.ദേവഗൗഡ, പിതാവ് എച്ച്.ഡി. രേവണ്ണ, അമ്മാവന്‍ എച്ച.ഡി. കുമാരസ്വാമി, ജെ.ഡി.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവരോട് മാപ്പ് പറയുന്നതായും പ്രജ്വല്‍ വ്യക്തമാക്കുന്നു.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് തെറ്റായ ആരോപണങ്ങളാണെന്നും മെയ് 31ന് രാവിലെ 10 മണിക്ക് മുമ്പായി അതിനെല്ലാമുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രജ്വല്‍ ആരോപിക്കുന്നു. ഇതെല്ലാം തന്നെ വിശാദത്തിലേക്ക് തള്ളിയിട്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് സംബ്ന്ധിച്ച കര്‍ണാടക സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കുകയായണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വലിന്റെ പ്രതികരണം. നേരത്തെ ഇത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു പിന്നാലെയാണ് വിദേശ കാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടികളിലേക്ക് കടന്നത്.
ഇതോടെ പ്രജ്വല്‍ നാട്ടിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 31ന് ബെംഗളൂരിലേക്ക് പ്രജ്വല്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മുന്‍പ്രധാനമന്ത്രിയും പ്രജ്വലിന്റെ മുത്തച്ഛനുമായ എച്ച്.ഡി. ദേവഗൗഡ പ്രജ്വലിനോട് നാട്ടിലേക്ക് വരാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു
ഈ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. നിരവധി പേരെ പ്രജ്ജ്വല്‍ പീഡനത്തിനരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു.
ഈ കേസ് കാരണം കര്‍ണാടകയില്‍ ജെ.ഡി.എസിനും സംഖ്യകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടി സംഭവിക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രജ്വലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.
കേസില്‍ പ്രജ്വലിന്റെ പിതാവും ദേവഗൗഡയുടെ മരുമകനുമായ എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
CONTENT HIGHLIGHTS: Prajwal Revanna to the country; He will appear before the investigation team on May 31