ബെംഗളൂരു: കര്‍ണാടകയിലെ ഹാസന്‍ എം.പിയും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം.
യുവതിയുടെ മകന്റെ പരാതിയില്‍ ആരോപണ വിധേയരായ കര്‍ണാടക മുന്‍ മന്ത്രി എച്ച്.ഡി. രേവണ്ണക്കും പ്രജ്വല്‍ രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്.
ആറ് വര്‍ഷം രേവണ്ണയുടെ വീട്ടില്‍ ജോലി ചെയ്ത യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്പ് രേവണ്ണയുടെ വിശ്വസ്തന്‍ സതീഷ് ബാബണ്ണ വീട്ടില്‍ വന്നെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ടെന്നും മകന്‍ പറഞ്ഞു.
‘ഏപ്രില്‍ 29ന് ഇയാള്‍ വീണ്ടും വീട്ടിലെത്തി അമ്മക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അമ്മയെ പിടിച്ചാല്‍ എല്ലാവരും ജയിലില്‍ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. എച്ച്.ഡി. രേവണ്ണ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് അമ്മയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയി. പിന്നീട് യാതൊരു വിവരവുമില്ല,’ മകൻ പറഞ്ഞു.
അമ്മയെ വിട്ടയക്കാന്‍ സതീഷിനോട് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്ന് മകന്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ ജീവന് ഭീഷണി ഉണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും മകന്‍ പറഞ്ഞു.
ലൈംഗികാരോപണത്തിന് പിന്നാലെ വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണക്കെതിരെ കഴിഞ്ഞദിവസം അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും അറിവോടെയാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ ഹസാനില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചിരുന്നു. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Content Highlight: Prajwal Revanna sex abuse case: Kidnapping FIR against Karnataka MP as victim in viral video goes missing