ബെംഗളൂരു: കർണാടകയിലെ ഹസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്ക് തിരിച്ചടി. ജനത ദൾ (എസ്) നേതാവായ പ്രജ്വൽ രേവണ്ണ ബി.ജെ.പിയുടെ സഖ്യ കക്ഷിയായായിരുന്നു മത്സരിച്ചത്.
ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനത ദൾ നേതാവിന് വലിയ നിരാശയാണ് ഹസൻ മണ്ഡലം നൽകിയത്. പ്രജ്വലിനേക്കാൾ 42649 ത്തിൽ അധികം വോട്ടുമായി കോൺഗ്രസ് നേതാവ് ശ്രേയസ് എം. പട്ടേൽ ആണ് മുന്നിട്ട് നിൽക്കുന്നത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍. നിരവധി പേരെ പ്രജ്വൽ പീഡനത്തിനരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ കര്‍ണാടകയില്‍ ഉടനീളം വിതരണം ചെയ്യപ്പെടുകയും ചെയ്തു.
ഈ കേസ് കാരണം കര്‍ണാടകയില്‍ ജെ.ഡി.എസിനും സംഖ്യകക്ഷിയായ ബി.ജെ.പിക്കും വലിയ തിരിച്ചടി സംഭവിക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രജ്വലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.
കേസില്‍ പ്രജ്വലിന്റെ പിതാവും ദേവഗൗഡയുടെ മരുമകനുമായ എച്ച്.ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Prajwal Revanna lost his lead