കോഴിക്കോട്: ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ സംവിധായകനാണ് പ്രജേഷ് സെന്‍. തന്റെ പുതിയ സിനിമയിലെ നായികയായ മഞ്ജു വാര്യരെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. കാന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു പ്രജേഷ് സെന്‍.
പ്രജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മേരി ആവാസ് സുനോ’യിലാണ് മഞ്ജു വാര്യര്‍ നായികയായി എത്തുന്നത്. ഡോ. രശ്മി പാടത്ത് എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ റോളാണ് താരം സിനിമയില്‍ ചെയ്യുന്നത്.
താനും മഞ്ജുവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ സ്‌കൂള്‍ ജീവിതം നയിച്ചവരാണെന്ന് പ്രജേഷ് സെന്‍ പറയുന്നു.
‘കലോത്സവ വേദികളില്‍ മഞ്ജു സംസ്ഥാന തലം വരെ എത്തിയപ്പോള്‍ ഞാനൊക്കെ ജില്ലാതലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പിന്നീട് മഞ്ജു സിനിമയിലെത്തി. അവരുടെ കൂടി സിനിമകള്‍ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെയുള്ള ഒരു അസാമാന്യ അഭിനേത്രി എന്റെ കഥ കേള്‍ക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം ആകാംക്ഷ ഉണ്ടാക്കിയ കാര്യങ്ങളാണ്,’ പ്രജേഷ് പറയുന്നു.
മഞജു വാര്യര്‍ അഭിനയിക്കാന്‍ എത്തിയതോടെയാണ് അവരുടെ മാഹാത്മ്യം വ്യക്തമായി മനസിലായതെന്ന് പ്രജേഷ് പറയുന്നു. മഞ്ജുവിന് യാതൊരു തരത്തിലുള്ള താരജാഡയുമില്ലന്നും നമ്മുടെ മനസിനൊത്ത് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേരി ആവാസ് സുനോ എന്ന ചിത്രം പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരണം നടത്തിയതെന്നും, സിങ്ക് സൗണ്ടിനുവേണ്ടി തന്റെ ശബ്ദത്തെ ഇത്രയേറെ കയ്യടക്കത്തോടെ ഉപയോഗിച്ച മറ്റൊരു മഞ്ജു ചിത്രവും വേറെ ഉണ്ടാവില്ലെന്ന് താന്‍ കരുതുന്നതായും പ്രജേഷ് പറഞ്ഞു.