രഞ്ജിത്ത് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രജാപതി. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ദിഖ്, നെടുമുടി വേണു, തിലകന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. ദേവര്‍മടം നാരായണന്‍ എന്ന ഉണ്ണി തമ്പുരാനായി മമ്മൂട്ടി എത്തിയ പ്രജാപതിയില്‍ അബു സലിം ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വലംകൈ ആയിട്ടാണ് അദ്ദേഹം എത്തിയത്.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ഭീഷ്മ പര്‍വത്തിലും അബു സലിം മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു. ആ സിനിമയിലും മമ്മൂട്ടിയുടെ വലംകൈ ആയിരുന്നു അദ്ദേഹം. ഇപ്പോള്‍ പ്രജാപതിയെ കുറിച്ചും ഭീഷ്മ പര്‍വത്തെ കുറിച്ചും പറയുകയാണ് അബു സലിം. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എന്ത് ബന്ധമുണ്ടെങ്കിലും നമുക്ക് ഒരു വേഷം തരണമെങ്കില്‍ പറ്റിയ സിനിമ വന്നാല്‍ മാത്രമേ രഞ്ജിയേട്ടന്‍ വിളിക്കുകയുള്ളൂ. പ്രജാപതിയിലെ കാട്ടി എന്ന കഥാപാത്രം എനിക്ക് അങ്ങനെ ലഭിച്ചതായിരുന്നു. എന്റെ നൂറാമത്തെ സിനിമയായിരുന്നു അത്. ആ സിനിമക്ക് വേണ്ടി ചെന്നപ്പോള്‍ എന്നോട് കുറേ കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
‘മുടി ചെറുതാക്കണം, മീശ വടിക്കണം’ എന്നൊക്കെ പറഞ്ഞു. സിനിമക്കായി ഞാന്‍ അതൊക്കെ ചെയ്തു. പിന്നെ വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു എന്റെ വേഷം. പോക്കറ്റില്‍ ഒരു പേനയൊക്കെ കുത്തിയിരുന്നു. മാത്രവുമല്ല, മമ്മൂക്കയുടെ വലംകൈ ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു പ്രജാപതിയിലെ കാട്ടി.
ആദ്യം പറഞ്ഞപ്പോള്‍ എനിക്ക് ആ കഥാപാത്രത്തിന്റെ പ്രധാന്യത്തെ കുറിച്ച് മനസിലായിരുന്നില്ല. പക്ഷെ പിന്നീട് സിനിമ എടുത്ത് വന്നപ്പോള്‍ കാട്ടിയെ കുറിച്ച് കൂടുതല്‍ മനസിലായി. മമ്മൂക്കയുടെ കഥാപാത്രത്തിനോട് അത്രയും അടുത്ത് നില്‍ക്കുന്ന ആളാണ് അയാള്‍. കാട്ടിയുടെ മറ്റൊരു വേര്‍ഷനാണ് ഭീഷ്മ പര്‍വത്തിലെ ശിവന്‍കുട്ടി.
പ്രജാപതിയില്‍ കാട്ടി എല്ലാം ആക്ട് ചെയ്യുന്ന ആളാണ്. അടിക്കാനൊക്കെ മുന്നോട്ട് വരുന്ന ആളാണ് കാട്ടി. പക്ഷെ ഭീഷ്മ പര്‍വത്തില്‍ സ്വാമി ആയത് കൊണ്ട് അടിയില്‍ നിന്നൊക്കെ അയാള്‍ക്ക് മാറി നില്‍ക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ മൈക്കിളപ്പന്‍ ഒന്ന് അനങ്ങിയാല്‍ പോലും അതിന്റെ അര്‍ത്ഥം അയാള്‍ക്ക് മനസിലാകുന്നുണ്ട്,’ അബു സലിം പറഞ്ഞു.
Content Highlight: Prajapathi Movie – Abu Salim Talks About His 100th Flim That Acted With Mammootty