Advertisement
Film News
ഈ മനുഷ്യനെ അണ്ടറെസ്റ്റിമേറ്റ് ചെയ്യല്ല്; തെന്നിന്ത്യയാകെ മികച്ച പ്രതികരണവുമായി ഭീഷ്മ പര്‍വ്വം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 03, 11:27 am
Sunday, 3rd April 2022, 4:57 pm

തിയേറ്ററുകളിലെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് ശേഷം കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഭീഷ്മ പര്‍വ്വം ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.

ഒ.ടി.ടി റിലീസിന് പിന്നാലെ മറ്റ് ഭാഷകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ചിത്രത്തെ പ്രശംസിച്ചുള്ള പല ഭാഷയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഗോഡ്ഫാദറിനുള്ള ഗ്രാന്റ് ട്രിബ്യൂട്ടാണ് ചിത്രമെന്നും മരിയോ പൂസോ മഹാഭാരതത്തിലെത്തിയതാണ് ഭീഷ്മയെന്നും മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ഈ മനുഷ്യനെ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുതെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തേക്കും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു.

100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി മുതലാണ് സ്ട്രീം ചെയ്യാന്‍ തുടങ്ങിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഭീഷ്മ തരംഗമാവുകയാണ്.

തിയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച ശേഷമെത്തിയ ഭീഷ്മ പര്‍വ്വം തിയേറ്ററുകള്‍ക്കും വലിയ നേട്ടമാണ് സമ്മാനിച്ചത്.

റഥീനയുടെ സംവിധാനത്തില്‍ പാര്‍വതി നായികയാവുന്ന പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം എന്നിവയാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: Praise for Bhishma Parvat in other languages ​​too