| Monday, 12th August 2024, 8:46 am

ഇന്ത്യക്കായി ദീർഘകാലം കളിക്കണമെങ്കിൽ ആ ക്വാളിറ്റി വേണമെന്ന് രോഹിത് പറഞ്ഞു: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ക്രിക്കറ്റ് കളിക്കുന്ന സമയങ്ങളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും തമ്മില്‍ മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പവും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

പണ്ട് കാലത്ത് രോഹിത്തിന്റെ അടുത്തുനിന്നും തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഒരു ഉപദേശത്തെ കുറിച്ച് പ്രഗ്യാന്‍ ഓജ സംസാരിച്ചു. അടുത്തിടെ അവസാനിച്ച ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരത്തിനിടയുള്ള കമന്ററിയിലാണ് ഓജ ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ അണ്ടര്‍ 19 കളിക്കുന്ന സമയങ്ങളില്‍ രോഹിത് ശര്‍മയില്‍ നിന്ന് എനിക്ക് ഏറ്റവും നല്ല ഉപദേശം ലഭിച്ചു. 19 ലെവലില്‍ എത്തിയതിനാല്‍ രാജ്യത്തിനുവേണ്ടി കളിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാല്‍ ഇന്ത്യക്കായി ദീര്‍ഘകാലം കളിക്കണമെങ്കില്‍ നിങ്ങള്‍ ഒരു മാച്ച് വിന്നര്‍ ആകണം എന്നാണ് രോഹിത് എന്നോട് പറഞ്ഞത്,’ പ്രഗ്യാന്‍ ഓജ പറഞ്ഞു.

ഇന്ത്യയ്ക്കായി 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 113 വിക്കറ്റുകളാണ് ഓജ നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 18 തവണ ഇന്ത്യയ്ക്കായി കളിച്ച താരം 21 വിക്കറ്റുകളും നേടി. കുട്ടി ക്രിക്കറ്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും പത്ത് വിക്കറ്റും ഓജ സ്വന്തമാക്കി. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഓജ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 157 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 141.44 പ്രഹരശേഷിയില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

അതേസമയം ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. സെപ്റ്റംബര്‍ 19നാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

Content Highlight: Pragyan Ojha Talks About Rohit Sharma

We use cookies to give you the best possible experience. Learn more