| Friday, 6th December 2024, 3:24 pm

സഞ്ജുവിനെ വേണമെങ്കില്‍ കളിപ്പിക്കാം, പക്ഷെ ടി-20യില്‍ യോഗ്യന്‍ പന്താണ്; പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ നടന്ന ടി-20ഐ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് മലയാളി താരമായ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കരിയറില്‍ മികവ് പുലര്‍ത്തിയ താരം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

ടി-20യില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ താരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറി കൂടെ സ്വന്തമാക്കിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇതോടെ ഒട്ടനവധി റെക്കോഡുകള്‍ സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെയും ഋഷബ് പന്തിനെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. ഓജയുടെ അഭിപ്രായത്തില്‍ സഞ്ജുവിന് പകരം പന്ത് ആണ് ടി-20 ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് യോഗ്യന്‍ എന്ന്.

ഓജ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്

‘ടി-20 ഫോര്‍മാറ്റിലെ ബാറ്റിങ്ങിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യമെടുത്താല്‍ തെരഞ്ഞെടുത്തുക ഋഷബ് പന്തിനെയായിരിക്കും. ഋഷബ് ടീമിലുണ്ടെങ്കില്‍ സഞ്ജു സാംസണെ ബാറ്ററായി വേണമെങ്കില്‍ കളിപ്പിക്കാം;

വിക്കറ്റ് കീപ്പര്‍ റോളിലേക്ക് ടി-20യില്‍ ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക പന്തിനെയായിരിക്കും. അദ്ദേഹത്തിന് ജന്മസിദ്ധമായ ചില കഴിവുണ്ട്. പന്തിന് സ്പെഷ്യലായി ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നു. ഇതിനെ എക്സ് ഫാക്ടര്‍ എന്ന് നമുക്ക് വിശേഷിപ്പിക്കാം’ ഓജ പറഞ്ഞു.

ഇതുവരെ ടി-20ഐയില്‍ സഞ്ജു മൂന്ന് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും അടക്കം 810 റണ്‍സ് നേടിയിട്ടുണ്ട്. 37 മത്സരങ്ങളിലെ 33 ഇന്നിങ്‌സില്‍ നിന്ന് 27.9 ആവറേജും 155.2 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന് ഉണ്ട്.

Content highlight: Pragyan Ojha Talking About Sanju Samson

We use cookies to give you the best possible experience. Learn more