സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിച്ചത്. എ, ബി, സി, ഡി എന്നീ ടീമുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. എന്നാല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും ജസ്പ്രീത് ബുംറയ്ക്കും ബി.സി.സി.ഐ വിശ്രമം കൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പല മുന്‍ താരങ്ങളും വിമര്‍ശനം അറിയിച്ചിരുന്നു.
ഇതോടെ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും വിരാടും രോഹിത്തും ദുലീപ് ട്രോഫിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ വിരാടും രോഹിത്തും കളിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജ അഭിപ്രായപ്പെട്ടത്. ദുലീപ് ട്രോഫിയോടെ ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും നന്നായി തയ്യാറെടുക്കാമായിരുന്നുവെന്ന് പ്രഗ്യാന്‍ ചൂണ്ടിക്കാട്ടി.
‘തീര്‍ച്ചയായും അവര്‍ (രോഹിത്തും വിരാടും) കളിക്കണമായിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുന്ന ആരായാലും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. കാരണം ഇത് നിങ്ങളെ നന്നായി തയ്യാറാക്കുന്നു,’ ഓജ ഇന്‍സൈഡ്‌സ്പോര്‍ട്ടുമായുള്ള ഒരു സംഭാഷണത്തില്‍ പറഞ്ഞു.
പതിവ് ഫിറ്റ്‌നസ് പരിശീലനത്തില്‍ നിന്ന് വ്യത്യസ്തമാണ് മാച്ച് ഫിറ്റ്‌നസ് എന്ന് പ്രഗ്യാന്‍ ഓജ ഊന്നിപ്പറഞ്ഞു. ഒരു ദിവസം മുഴുവന്‍ കളിക്കുന്നതും ഫീല്‍ഡില്‍ സമയം ചിലവഴിക്കുന്നതും ടെസ്റ്റ് മത്സരങ്ങള്‍ക്കായി മികച്ച രീതിയില്‍ തയ്യാറെടുക്കാനും കളിക്കാരെ സഹായിക്കുമെന്ന് ഓജ കുറിച്ചു.
‘ഇത് സെഞ്ച്വറി നേടുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ ഇരട്ട സെഞ്ച്വറി നേടുന്നതിനെക്കുറിച്ചോ അല്ല. ആ മാച്ച് ഫിറ്റ്നസ് നേടുന്നതാണ് പ്രധാനം. കാരണം മാച്ച് ഫിറ്റ്നസ് നിങ്ങളുടെ സാധാരണ ഫിറ്റ്നസില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിന്, നിങ്ങള്‍ കളിച്ചാല്‍ മതി. ഒരു ദിവസം മൈതാനത്ത് നില്‍ക്കുകയോ അല്ലെങ്കില്‍ ദിവസം മുഴുവന്‍ കളിക്കുകയോ ചെയ്യുക. ഈ കാര്യങ്ങള്‍ നിങ്ങളെ ഗെയിമിനായി നന്നായി തയ്യാറാക്കുന്നു,’ഓജ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മൂവര്‍ക്കും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, സ്പിന്‍ ബൗളര്‍ രവീന്ദ്ര ജഡേജ എന്നിവരും പരിക്ക് മൂലം മാറി നില്‍ക്കുകയാണ്. മാത്രമല്ല ടീം സിയില്‍ നിന്ന് ഇഷാന്‍ കിഷന്‍ പരിക്ക് മൂലം പുറത്തായപ്പോള്‍ മലയാളി താരം സഞ്ജു സാംസണിനും ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചിട്ടുണ്ട്.
Content Highlight: Pragyan Ojha Against Indian Cricket Players